ശബരിമല; ഹിന്ദുശാസ്ത്രത്തില്‍ യുവതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്!

മംഗളൂരു: ഹിന്ദുശാസ്ത്രത്തില്‍ ഒരിടത്തും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടില്ലെന്ന് പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ . വിശ്വഹിന്ദു പരിഷത്ത് മുന്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശം അനുവദനീയമാണ്. അതുകൊണ്ടു തന്നെ യുവതീപ്രവേശനം ഒരുവിഷയമായി തോന്നിയിട്ടില്ല.മുമ്പ് ആചാരത്തിന്റെ ഭാഗമായി ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയിരുന്നു. പക്ഷേ ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ ഈ ആചാരം ഇല്ലാതായി- അദ്ദേഹം പറഞ്ഞു.

സ്ത്രീയും പുരുഷനും തുല്യരാണെന്നും അതുകൊണ്ട് തന്നെ വിവേചനം പാടില്ലെന്നും ബെലഗാവി ശ്രീശൈല മഠത്തിലെ ഡോ. ചെന്ന സിദ്ധരാമ പണ്ഡിതാരാധ്യയും പറഞ്ഞു. സ്ത്രീപ്രവേശനം അനുവദിച്ചു സുപ്രീംകോടതി വിധിയെ അവര്‍ പ്രശംസിച്ചു.

ആരാധന കാര്യത്തില്‍ സ്ത്രീ പുരുഷ വിവേചനം കടന്നു വരാന്‍ പാടില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ തന്നെ ആരാധിക്കാനുള്ള അവകാശമുണ്ട്.കാലം മാറുന്നതിനനുസരിച്ച് ക്ഷേത്രങ്ങളുടെ നിയമങ്ങളിലും മാറ്റം വരണം. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് വികസനമായാണ് കാണുന്നത്.

അതേസമയം ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമല പ്രവേശനം നടത്തിയതില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു വരികയാണ്.

Top