വെട്ടിത്തറ പള്ളിത്തര്‍ക്കം; പ്രവേശിക്കാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നില നില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വെട്ടിത്തറ മോര്‍ മീഖായേല്‍ വലിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ അംഗങ്ങള്‍ പ്രവേശിക്കാനെത്തി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഇവിടെ എത്തിയത്.

രാവിലെ ഏഴരയോടെ ഇടവക വികാരി ഫാ. ജോണിന്റെ നേതൃത്വത്തിലായിരുന്നു വിശ്വാസികള്‍ എത്തിയത്. സുപ്രീംകോടതി വിധി പ്രകാരം പള്ളി, തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം. അതേ സമയം പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ആണ് യാക്കോബായ വിഭാഗവും.പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ തടയും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞിരുന്നു.

അതിനാല്‍ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സംഘടിച്ചെത്തിയ ഓര്‍ത്തഡോക്‌സ് സംഘത്തോട് പൊലീസ് സംഘം ചര്‍ച്ച നടത്തുകയും തിരികെ പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ തിരികെ പോവുകയായിരുന്നു.

Top