വെട്രിമാരന്‍ ചിത്രം വിടുതലൈ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു; നിര്‍ത്താതെ കരഘോഷങ്ങള്‍

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെട്രിമാരന്‍ ചിത്രം വിടുതലൈ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. സിനിമയെ ഏറ്റെടുത്ത പ്രേക്ഷകര്‍ എഴുനേറ്റ് നിന്ന് അഞ്ച് മിനിറ്റോളമാണ് കയ്യടിച്ചത്. പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥയും മികച്ച പ്രകടനങ്ങളുമാണ് വിടുതലൈയെന്ന ചിത്രത്തിന്റെ പ്രത്യേകത. ചിത്രം കാണാന്‍ വെട്രിമാരനും വിജയ് സേതുപതിയും സൂരിയും എത്തിയിരുന്നു. മൂവരും ആരാധകര്‍ക്കൊപ്പമുള്ള ചിത്രം നിര്‍മ്മാതാക്കളായ റെഡ് ജയന്റ് മൂവീസ് അവരുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സൂരി, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളാണ് വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങള്‍.

കോണ്‍സ്റ്റബിള്‍ കുമരേശനായെത്തിയ സൂരിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാള്‍ വാതിയാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

മേളയില്‍ പ്രദര്‍ശിപ്പിച്ച പതിപ്പും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പതിപ്പും വ്യത്യസ്തമുണ്ട്. വിടുതലൈ 2ന്റെ ചിത്രീകരണം പൂര്‍ത്തികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചില രംഗങ്ങള്‍ ഒഴിവാക്കിയ ചെറിയ പതിപ്പാണ് ഐഎഫ്എഫ്ആറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒരു എക്‌സറ്റന്‍ഡഡ് വേര്‍ഷന്‍ ആയിരിക്കും തിയേറ്ററുകളിലെത്തുക.

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറയുന്നത്. ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലര്‍ വിഭാഗത്തിലുളള വിടുതലൈയുടെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷം ആദ്യമാണ് റിലീസ് ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.

Top