ഗാസയിലെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുളള പ്രമേയത്തിന് വീറ്റോ; ഇരട്ട നിലപാടുമായി അമേരിക്ക

രേവിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന ഇരട്ട നിലപാടുകള്‍ പ്രകടമായ ദിവസമായിരുന്നു ഫെബ്രുവരി 20. ഒരുഭാഗത്ത് അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ട ഗാസയിലെ വെടിനിര്‍ത്തല്‍ ലക്ഷ്യം വച്ചുള്ള കരട് പ്രമേയം വീറ്റോ ചെയ്യുകയും മറുഭാഗത്ത് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അല്‍ജീരിയ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് തടഞ്ഞത്. അതേസമയം, യുക്രെയ്‌നിലെ അധിനിവേശവും പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മരണവും മുന്‍നിര്‍ത്തി റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

യുക്രെയ്‌നിലെ അധിനിവേശത്തിനിടെ റഷ്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, നവാല്‍നിയുടെ മരണം എന്നിവയ്ക്ക് റഷ്യയെകൊണ്ട് ഉത്തരം പറയിക്കാന്‍ ലക്ഷ്യം വച്ചാണ് പുതിയ ഉപരോധങ്ങളെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി അവകാശപ്പെടുന്നത്. ഇതൊരുവശത്ത് നില്‍ക്കെയാണ് അമേരിക്ക, ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത്. ഇതിനോടകം, മുപ്പത്തിനായിരത്തിനടുത്ത് മനുഷ്യരാണ് ഗാസയില്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ത്തന്നെ അധികവും കുട്ടികളും സ്ത്രീകളുമാണ്.

ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയങ്ങള്‍ ഇതിന് മുന്‍പ് മൂന്ന് തവണ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്. 13 അംഗ രാജ്യങ്ങള്‍ അല്‍ജീരിയയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ബ്രിട്ടന്‍ വിട്ടുനില്‍ക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിയില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരാശ പ്രകടിപ്പിച്ചു. ഇസ്രയേലിന് ആക്രമിക്കാനുള്ള പച്ചക്കൊടി വീശുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് പ്രതിനിധി ആരോപിച്ചു. യുഎന്‍ നടപടികളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിച്ചു നിര്‍ത്തുന്ന സമീപനമാണ് പരമ്പരാഗതമായി അമേരിക്ക കൈക്കൊണ്ടുപോരുന്നത്.

Top