സി.പി.ഐ നേതാവ് ഡി പാണ്ഡ്യന്‍ ചെന്നൈയില്‍ അന്തരിച്ചു;സംസ്‌ക്കാരം നാളെ

ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.പിയുമായിരുന്ന ഡി.പാണ്ഡ്യന്‍(88) അന്തരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

കാരൈക്കുടിയിലെ അളകപ്പ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു അദ്ദേഹം. റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയില്‍ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യന്‍ റയില്‍വേ ലേബര്‍ യൂണിയന്‍ പ്രസിഡന്റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപര്‍, തമിഴ്നാട് ആര്‍ട്ട് ആന്റ് ലിറ്ററി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സി.പി.ഐ -സി.പി.എം ലയിക്കണമെന്ന തന്റെ നിലപാട് ഉറക്കെ വിളിച്ച് പറഞ്ഞ നേതാവാണ് പാണ്ഡ്യന്‍. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പുത്തൂരില്‍ അദ്ദേഹത്തിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്യാന്‍ നിയോഗിച്ചിരുന്നത് പാണ്ഡ്യനെ ആയിരുന്നു. സ്‌ഫോടന നേരത്ത് രാജീവ് ഗാന്ധിയുടെ സമീപത്തുണ്ടായിരുന്ന അദ്ദേഹം പത്തടി ദൂരത്തേക്ക് തെറിച്ച് വീണു. വലത് വശത്തുണ്ടായിരുന്ന രാജീവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഫോടനത്തില്‍ രണ്ടു കഷ്ണമായപ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡ്യന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ കിടന്ന് കൊണ്ട് തന്നെ ലോക്സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്തത് മറ്റൊരു ചരിത്രം. പരേതയായ ജോയ്‌സാണ് ഭാര്യ. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. ചെന്നൈയിലെ വസതിയിലും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സ്വദേശമായ ശീലംപട്ടിക്കടുത്ത ശീലവെള്ളമാട്ടിയില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്‌കരിക്കും.

Top