കപ്പല്‍ ആക്രമണം: തിരിച്ചടിക്കാന്‍ ഇറാന്‍

റാന്‍ ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇറാന്‍. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്‌റെ കുര്‍ദ് എന്ന ഇറാനിയന്‍ കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ ചെറിയ അഗ്‌നിബാധ രൂപപ്പൈട്ടങ്കിലും ആര്‍ക്കും പരിക്കില്ല.

അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് ഇറാന്‍ ആരോപിച്ചു. അമേരിക്കയുടെ പിന്തുണയോടെ കപ്പലുകളുടെ സുരക്ഷ തകര്‍ക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഇറാന്‍ കുറ്റപ്പെടുത്തല്‍. ആക്രമണത്തെ അവഗണിക്കാന്‍ പറ്റില്ലെന്നും തിരിച്ചടി ഉറപ്പാണെന്നും ഇറാന്‍ വ്യക്തമാക്കിയതോടെ സമുദ്ര മേഖലയില്‍ സംഘര്‍ഷത്തിന് വ്യാപ്തികൂടുകയാണ്.

രണ്ടാഴ്ച മുമ്പ് ഹെലിയോസ് റേ എന്ന ഇസ്രായേല്‍ ചരക്കു കപ്പല്‍ ഒമാന്‍ കടലില്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നില്‍ ഇറാനാണെന്നാണ് ഇസ്രായേല്‍ ആരോപണം. പോയ മാസം മൂന്ന് ഇറാന്‍ ചരക്കുകപ്പലുകള്‍ ചെങ്കടലിലും ആക്രമണത്തിനിരയായിരുന്നു. ഒരു ഡസനിലേറെ ഇറാന്‍ കപ്പലുകള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം സ്ഥിരീകരിച്ച് യു.എസ് മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിക്കാന്‍ ഇസ്രായേല്‍ ഇനിയും തയാറായിട്ടില്ല.

 

Top