‘2020 വെസ്പ നോട്ട് 125’ നെ വിപണിയിലെത്തിച്ച് പിയാജിയൊ

റ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയൊ ബി എസ് ആറ് നിലവാരമുള്ള എന്‍ജിനോടെ ‘2020 വെസ്പ നോട്ട് 125’ വില്‍പ്പനയ്‌ക്കെത്തിച്ചു.

91,462 രൂപയാണു ഷോറൂം വില. മുന്‍ മോഡലിലെ 125 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ തന്നെയാണ് ‘2020 വെസ്പ നോട്ടി’നും കരുത്തേകുന്നത്. 9.91 പി എസ് വരെ കരുത്തും 9.6 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ബി എസ് നാല് എന്‍ജിനെ അപേക്ഷിച്ചു പുതിയ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്തിലും ടോര്‍ക്കിലും നേരിയ കുറവുണ്ട്.

കാഴ്ചയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘2020 വെസ്പ നോട്ടി’ന്റെ വരവ്. മുന്‍ മോഡലിലെ മാറ്റ് ബ്ലാക്ക് പെയ്ന്റും നിലനിര്‍ത്തിയിട്ടുണ്ട്. പേ ടി എം ആപ് വഴിയാണു സ്‌കൂട്ടറിനുള്ള ബുക്കിങ്ങുകള്‍ കമ്പനി സ്വീകരിക്കുന്നത്. മുന്നില്‍ പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്ക് സഹിതമെത്തുന്ന സ്‌കൂട്ടറിന്റെ പിന്‍ സസ്‌പെന്‍ഷന്‍ സിംഗിള്‍ ഷോക് അബ്‌സോബറാണ്. മുന്നില്‍ 148 എം എം ഡ്രമ്മും പിന്നില്‍ 140 എം എം ഡ്രം ബ്രേക്കുമാണുള്ളത്. കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും സ്‌കൂട്ടറിലുണ്ട്.

കഴിഞ്ഞ മാസം ‘വെസ്പ എസ് എക്‌സ് എല്‍’, ‘വി എക്‌സ് എല്‍ 149’ സ്‌കൂട്ടറുകളും കമ്പനി അവതരിപ്പിച്ചിരുന്നു. യഥാക്രമം 1.26 ലക്ഷം രൂപയും 1.22 ലക്ഷം രുപയുമായിരുന്നു ഈ മോഡലുകളുടെ ഷോറൂം വില. പിയാജിയൊയെ സംബന്ധിച്ചിടത്തോളം ‘വെസ്പ’ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണു ‘നോട്ട് 125’.

Top