ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വാഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലെ ആധികാരിക ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 200 റൺസിലേറെ നേടിയശേഷം ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞപ്പോൾ അർധസെഞ്ചുറിയുമായി ഇന്ത്യയെ 350 കടത്തിയത് ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സായിരുന്നു. 38 പന്തിൽ 54 റൺസെടുത്ത ഹാർദ്ദിക് ബൗളിംഗിനെത്തിയപ്പോൾ ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലൻറെ നിർണായക വിക്കറ്റും വീഴ്ത്തി. ഇതിന് പിന്നാലെ പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

പാണ്ഡ്യ ഫോമിലാണെങ്കിൽ അവനെ തടുക്കാൻ കഴിയില്ല. ഇൻഡോറിൽ അവൻറെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു. കാരണം രോഹിത്തും ഗില്ലും ഒഴികെയുള്ള മറ്റ് ബാറ്റർമാരെല്ലാം റണ്ണെടുക്കാൻ പാടുപെട്ടപ്പോഴായിരുന്നു ഫിനിഷറായി എത്തിയ ഹാർദ്ദിക്കിൻറെ വെടിക്കെട്ട്. മറ്റുള്ളവർ ബുദ്ധിമുട്ടിയപോലെ ഹാർദ്ദിക്കിന് ബാറ്റിംഗിൽ യാതൊരു വെല്ലുവിളിയും ഉണ്ടായില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാണ്ഡ്യ വളരെ നിർണായക താരമാണെന്നും പത്താൻ പറഞ്ഞു. ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയുന്ന കളിക്കാരൻ ടീമിന് നൽകുന്ന സന്തുലനം വലുതാണ്. അതുകൊണ്ടുതന്നെ ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന് നൽകുന്ന സംഭാവന ചെറുതായി കാണാനാകില്ല. ലോക ക്രിക്കറ്റിൽ തന്നെ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ടീമിനായി നിർണായക സംഭാവന നൽകാൻ കഴിയുന്ന അപൂർവം കളിക്കാരെ ഉള്ളൂ. ബാറ്റിംഗിനിറങ്ങിയപ്പോൾ അദ്ദേഹം കളിച്ച ചില ഷോട്ടുകൾ, പ്രത്യേകിച്ച് സ്ട്രൈറ്റ് പുൾ ഹിറ്റൊക്കെ കണ്ടാൽ അവൻ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി ടെന്നീസ് കളിക്കുകയാണെന്ന് തോന്നുമെന്നും സ്റ്റാർ സ്പോർട്സിനോട് പത്താൻ പറഞ്ഞു.

ന്യൂസിലൻഡിനെതിരെ 38 പന്തിൽ 54 റൺസെടുത്ത പാണ്ഡ്യ മൂന്ന് സിക്സും മൂന്ന് ഫോറും പറത്തി. പാണ്ഡ്യയുടെ വെടിക്കെട്ടാണ് 350ൽ താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ 385ൽ എത്തിച്ചത്.

Top