ചൈനയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല ; രൂക്ഷ വിമർശനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ് ടണ്‍: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തില്‍ ചൈനയ്ക്കുള്ള നിസംഗതയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.

മുന്നറിയിപ്പുകൾ വകവയ്ക്കാതെ ഉത്തരകൊറിയ നടത്തുന്ന തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷവും ചൈന ഒന്നും മിണ്ടാത്തത് നിരാശാജനകമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം തങ്ങളുടെ രണ്ടാമത്തെ ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. അമേരിക്കയെ ഒന്നാകെ തകര്‍ക്കാനുള്ള ശക്തി ഇതിനുണ്ടെന്നായിരുന്നു മിസൈല്‍ പരീക്ഷണത്തിന് ശേഷം ഉത്തരകൊറിയന്‍ സ്വേച്ഛാദിപതി കിം ജോംഗ് ഉന്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ വിമര്‍ശനം.

പരീക്ഷണത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍,ഇത് പര്യാപ്തമല്ലെന്നാണ് അമേരിക്ക പറയുന്നത്. ചൈനയ്ക്ക് ഈ വിഷയത്തില്‍ ഇടപെട്ട് എത്രയും വേഗം പരിഹാരം കാണാനാകുമല്ലോ എന്നാണ് ട്രംപിന്റെ ചോദ്യം.

Top