വളരെ ശാന്തനായ ഒരു വിദ്യാര്‍ത്ഥി; ദുല്‍ഖറിനെ കുറിച്ച് ബോളിവുഡ് പരിശീലകന്‍

ബോളിവുഡിലെ പ്രമുഖനായ അഭിനയ പരിശീലകനാണ് സൗരഭ് സച്‌ദേവ. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, റിച്ച ചദ്ദ, തൃപ്തി തുടങ്ങിയവരുടെ കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തില്‍ പരിശീലനം നല്‍കിയത് സൗരഭാണ്. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിന്‍ ചെയ്‌തെടുത്തതും സൗരഭ് ആയിരുന്നു.

ഇപ്പോള്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെക്കുറിച്ച് സൗരഭ് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ‘ദുല്‍ഖര്‍ വളരെ ശാന്തനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അദ്ദേഹം കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും.

അവന്‍ വളരെ ശാന്തനായ, റിലാക്‌സ്ഡ് ആയ ഒരു വിദ്യാര്‍ത്ഥിയായിരുന്നു, ഒരുപക്ഷേ അദ്ദേഹത്തെ വളര്‍ത്തിയെടുത്ത രീതി അങ്ങനെയാവാം, വളര്‍ന്നു വന്ന ലോകം അങ്ങനെയാവാം. അദ്ദേഹത്തിന് അക്രമോത്സുകതയില്ല, ശാന്തതയാണ് മുഖമുദ്ര. ഒരിക്കലും വെറുതേ ഇരിക്കില്ല, എപ്പോഴും സജീവമായി അഭിനയിക്കാന്‍ തയ്യാറായി ഇരിപ്പുണ്ടാവും…’ സൗരഭ് പറയുന്നു.

2018ല്‍ ആകാശ് ഖുറാന സംവിധാനം ചെയ്ത കാര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

2019ല്‍ പുറത്തിറങ്ങിയ സോയ ഫാക്ടര്‍ ആയിരുന്നു ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം. സോനം കപൂര്‍ നായികയായെത്തിയ സോയ ഫാക്ടര്‍ സംവിധാനം ചെയ്തത് അഭിഷേക് ശര്‍മയാണ്.

 

Top