സംസ്ഥാന സര്‍ക്കാറിന്റെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി

ഡല്‍ഹി:ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാറിന്റെ ഓഫീസര്‍ ഓണ്‍ സെപ്ഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി. നീട്ടി നല്‍കിയ രണ്ടാഴ്ച കാലാവധി പൂര്‍ത്തിയാകാന്‍ നില്‍ക്കാതെയാണ് രാജി. ഔദ്യോഗികമായി ചില ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സമയം നീട്ടി നല്‍കിയതെന്നും എന്നാല്‍, ഈ ജോലികള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തുടരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വേണു രാജാമണി വ്യക്തമാക്കി. വിദേശ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുമായിരുന്നു നിയമനം.

1986 ബാച്ച് റിട്ട ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ 2021 സെപ്റ്റംബറിലാണ് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കായി ഡല്‍ഹിയില്‍ നിയമിച്ചത്. വേണു രാജാമണിയെ നിയമിക്കുമ്പോള്‍ കേരള ഹൗസിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞു കിടക്കുയായിരുന്നു. പിന്നീടാണ് മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കേരള ഹൗസില്‍ നിയമിച്ചത്. 2022ല്‍ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി.

യുക്രെയ്ന്‍ യുദ്ധമുഖത്ത് നിന്നും മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തത്തിച്ചത്, വിയറ്റ്‌നാമില്‍ നിന്ന് പ്രത്യേക വിമാനം അനുവദിപ്പിക്കാന്‍ മുന്‍കൈയെടുത്തത് തുടങ്ങി രണ്ട് വര്‍ഷത്തെ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനൊപ്പം വേണു രാജാമണി വിശദീകരിച്ചിട്ടുണ്ട്.

Top