മാര്‍ച്ച് മാസത്തിലേക്ക് കടക്കും മുമ്പേ വെന്തുരുകി പാലക്കാട്

പാലക്കാട്:മാര്‍ച്ച് മാസത്തിലേക്ക് കടക്കും മുമ്പേ വെന്തുരുകി പാലക്കാട്. ഇടമഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.എന്തൊരു ചൂടാലേ എന്ന് ചോദിച്ചാല്‍ ശരാശരി പാലക്കാട്ടുകാരുടെ പ്രതികരണം മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കല്ലേ എന്നാവും . കാരണം തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഒരു മാതിരി പെട്ട ചൂടൊന്നും പാലക്കാട്ടുകാരെ പൊള്ളിക്കില്ല.

രാവിലെ 10 മണിയാകുമ്പോഴേക്കും നട്ടുച്ച ചൂട്. പുറത്തിറങ്ങിയാല്‍ വെയിലേറ്റ് വാടി കരിഞ്ഞു പോകുന്ന സ്ഥിതി.പുലര്‍ച്ചെ വരെ നല്ല തണുത്ത കാറ്റ്. പിന്നീട് കൊടുംവെയിലിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളും കൂടുന്നു.ഈ പോക്ക് പോയാല്‍ മാര്‍ച്ച് പകുതിയോടെ ചൂട് 40 ഡിഗ്രിയിലെത്തും എന്നാണ് വിലയിരുത്തല്‍.ഇത്തവണ പാലക്കാട്ടുകാര്‍ ശരിക്കും വിയര്‍ത്തു കുളിക്കുകയാണ്.കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസിലാണ് പാലക്കാടിന്റെ താപനില. മുണ്ടൂര്‍, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്.

Top