ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി വെങ്കിടേഷ് പ്രസാദ് എത്തിയേക്കും

മുംബൈ: മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെയും സെലക്ടര്‍മാരെയും ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കിയത്.

ബിസിസിഐ വൃത്തങ്ങളില്‍ നിന്നുള്ള സൂചന അനുസരിച്ച് നിലവില്‍ ലഭിച്ച അപേക്ഷകളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വെങ്കിടേഷ് പ്രസാദ് ആണ് ഏറ്റവും അനുയോജ്യനെന്നാണ് വിലയിരുത്തല്‍. സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗം ടി20 സ്പെഷലിസ്റ്റായിരിക്കണമെന്ന പുതിയ നിര്‍ദേശവും ബിസിസിഐ സജീവമായി പരിഗണിക്കുന്നുണ്ട്. ഇന്ത്യക്കായി 33 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 53കാരനായ വെങ്കിടേഷ് പ്രസാദ്.

ഈ മാസം അവസാനത്തിന് മുമ്പ് പുതിയ സെലക്ഷന്‍ കമ്മിറ്റിയെയും ചെയര്‍മാനെയും ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വെങ്കിടേഷ് പ്രസാദ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സെലക്ടര്‍മാരുടെ പോസ്റ്റിലേക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ടി20 ക്രിക്കറ്റ് കൂടി കണക്കിലെടുത്തുള്ള പുതിയ സമീപനമാണ് സെലക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത് എന്നാണ് ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ അശോക് മല്‍ഹോത്ര, ജതിന് പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരുടെ നിലപാട്.

ഈ സാഹചര്യത്തിലാണ് ടി20 ക്രിക്കറ്റില്‍ കൂടി പ്രാഗല്‍ഭ്യമുള്ള ഒരു മുന്‍താരത്തെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നത്. ദക്ഷിണ മേഖലയുടെ പ്രതിനിധിയായി പ്രസാദ് എത്തുമ്പോള്‍ വെസ്റ്റ് സോണില്‍ നിന്ന് സെലക്ടറാവാനുള്ള മത്സരത്തിൽ സലീല്‍ അങ്കോളക്കാണ് മുന്‍തൂക്കം. ഈസ്റ്റ് സോണില്‍ നിന്ന് എസ് എസ് ദാസിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നോര്‍ത്ത് സോണില്‍ നിന്ന് മനീന്ദര്‍ സിംഗ്, അതുല്‍ വാസന്‍, നിഖില്‍ ചോപ്ര എന്നിവരാണ് സെലക്ടര്‍മാരാവാന്‍ രംഗത്തുള്ളത്. സെന്‍ട്രല്‍ സോണില്‍ നിന്ന് നയന്‍ മോംഗിയയുടെ പേരും സജീവ ചര്‍ച്ചയിലുണ്ട്.

Top