സൗരവ് ഗാംഗുലിയോടുള്ള ആരാധന കൊണ്ടാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായതെന്ന് വെങ്കടേഷ് അയ്യര്‍

മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരാധകനാണ് താനെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വെങ്കടേഷ് അയ്യര്‍. ഗാംഗുലിയെ കണ്ടാണ് വലം കയ്യനായിരുന്ന താന്‍ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായതെന്നും താരം പറഞ്ഞു. ഐപിഎല്‍ രണ്ടാം പാദത്തില്‍ രണ്ട് മത്സരങ്ങള്‍ കൊണ്ട് തന്നെ വെങ്കടേഷ് ശ്രദ്ധ നേടിയിരുന്നു.

‘സത്യത്തില്‍, സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്നതുകൊണ്ട് തന്നെ എനിക്ക് കൊല്‍ക്കത്തയോടായിരുന്നു താത്പര്യം. കൊല്‍ക്കത്തയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. എല്ലാവരും എന്നെ സ്വാഗതം ചെയ്തു. ഒരുപാട് സമ്മാനങ്ങള്‍ ലഭിച്ചു. ഞാന്‍ ദാദയുടെ ഒരു വലിയ ആരാധകനാണ്. ലോകമെമ്പാടും അദ്ദേഹത്തിനുള്ള ആരാധകരില്‍ ഒരാളാണ് ഞാന്‍. എന്റെ ബാറ്റിംഗില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഞാന്‍ വലങ്കയ്യന്‍ ബാറ്റ്‌സ്മാനായിരുന്നു. പക്ഷേ, ദാദയെ അനുകരിച്ച് ഞാന്‍ ഇടങ്കയ്യനാവുകയായിരുന്നു. അദ്ദേഹം അറിയാതെ എന്റെ ബാറ്റിംഗില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.”- വെങ്കടേഷ് പറഞ്ഞു.

 

 

Top