Venkaiah Naidu slams Air India for flight delay, seeks explanation

ന്യൂഡല്‍ഹി: ഫ്‌ളൈറ്റ് 30 മിനിറ്റിലധികം വൈകിയത് കാരണം സുപ്രധാന കൂടിക്കാഴ്ച്ചയ്ക്ക് പോകാന്‍ സാധിക്കാത്തതില്‍ എയര്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു. എയര്‍ ഇന്ത്യക്കെതിരെ ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

‘ഉച്ചയ്ക്ക് 1.30നായിരുന്നു ഹൈദരാബാദിലേക്കുള്ള ഫ്‌ളൈറ്റ്. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് താന്‍ എയര്‍പോര്‍ട്ടില്‍ എത്തി. 1.30നാണ് ഫ്‌ളൈറ്റ് വൈകുമെന്ന കാര്യം അധികൃതര്‍ അറിയിച്ചത്. പൈലറ്റ് എത്തിയിട്ടില്ലെന്നായിരുന്നു ഫ്‌ളൈറ്റ് വൈകുന്നതിന് നല്‍കിയ വിശദീകരണം. 30 മിനിറ്റോളം എയര്‍പോര്‍ട്ടില്‍ കാത്തിരുന്നുവെങ്കിലും സര്‍വീസ് ആരംഭിച്ചില്ല. ഇതേതുടര്‍ന്ന് ഞാന്‍ വീട്ടിലേക്ക് മടങ്ങി’ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

സംഭവത്തില്‍ വെങ്കയ്യ നായിഡു എയര്‍ ഇന്ത്യ അധികൃതരില്‍ നിന്നും വിശദീകരണം തേടി. സുതാര്യതയും ഉത്തരവാദിത്വബോധവും എയര്‍ ഇന്ത്യയ്ക്കുണ്ടായിരിക്കണം. നമ്മള്‍ മത്സരാധിഷ്ഠിത ലോകത്താണ് ജീവിക്കുന്നതെന്ന് എയര്‍ ഇന്ത്യ മനസ്സിലാക്കണം. ഫ്‌ളൈറ്റ് വൈകിയത് മൂലം തനിക്ക് സുപ്രാധാന കൂടിക്കാഴ്ച്ച നഷ്ടമായെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കേന്ദ്രമന്ത്രിക്കുണ്ടായ അസൗകര്യത്തില്‍ ഖേദമറിയിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തി. പൈലറ്റ് ട്രാഫിക്ക് ജാമില്‍ കുടുങ്ങിയത് കാരണമാണ് ഫ്‌ളൈറ്റ് വൈകിയതെന്നും എയര്‍ ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടിയതായി കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു ട്വീറ്റ് ചെയ്തു.

ഫ്‌ളൈറ്റ് വൈകിയത് മൂലം യാത്രികര്‍ എയര്‍ ഇന്ത്യക്കെതിരെ പരസ്യമായി രംഗത്ത് വന്നത് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മെയിലെ കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ 74.3 ശതമാനം ഫ്‌ളൈറ്റുകള്‍ മാത്രമാണ് കൃത്യസമയത്ത് പുറപ്പെടുന്നത്.

Top