പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു.

ആകെ പോള്‍ ചെയ്ത 771 വോട്ടുകളില്‍ വെങ്കയ്യ നായിഡുവിന് 516 വോട്ടുകള്‍ ലഭിച്ചു. 11 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ സ്ഥാനാര്‍ഥിയും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

പ്രതീക്ഷിച്ചതിനേക്കാള്‍ 19 വോട്ടുകള്‍ കൂടുതലായി വെങ്കയ്യയ്ക്കു കിട്ടി. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷമുള്ള എന്‍ഡിഎയ്ക്ക് രാജ്യസഭയിലെയും പകുതിയോളം വോട്ട് സമാഹരിക്കാനായി. 11 വോട്ടുകള്‍ അസാധുവായതില്‍ ഏഴ് എണ്ണവും പ്രതിപക്ഷത്തുനിന്നാണ്. മുസ്ലീം ലീഗിലെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ വോട്ട് ചെയ്തില്ല.

ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും അബ്ദുല്‍ വഹാബിനുമാണ് വോട്ടു ചെയ്യാന്‍ പറ്റാഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം മുംബൈയില്‍ പിടിച്ചിട്ടതിനാല്‍ ഇരുവര്‍ക്കും സമയത്തിന് ഡല്‍ഹിയില്‍ എത്താനായില്ല. ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.

Top