വെഞ്ഞാറമൂട് കൊലപാതകം; കൊല്ലുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നുവെന്ന് കുടുംബം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് മിഥിലാജിന്റെ കുടുംബം. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരന്‍ നിസാം പറഞ്ഞു.

ഡി.വൈ.എഫ്.ഐ. തേലക്കാട് യൂണിറ്റ് ജോ. സെക്രട്ടറിയായ മിഥിലാജും കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റായ ഹഖ് മുഹമ്മദും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഏതൊരാവശ്യത്തിനും ഓടിയെത്തുന്നവരാണ് ഇരുവരും. ഏറെക്കാലമായി ഡി.വൈ.എഫ്.ഐയിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന ഇരുവരെയും ഇല്ലാതാക്കിയാല്‍ സിപിഎമ്മിന്റെ വളര്‍ച്ച തടയാമെന്ന് അവര്‍ വിചാരിച്ചിരിക്കാം.

മിഥിലാജും ഹഖും നാട്ടില്‍ എല്ലാവരുമായി നല്ല ബന്ധമുള്ളവരാണ്. ഹഖിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. നേരത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഫൈസലിനെ വെട്ടിപരിക്കേല്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇരുവരെയും റോഡില്‍ കാത്തിരുന്ന് വെട്ടിവീഴ്ത്തിയത്.

ഫൈസലിനെ ആക്രമിക്കാനിടയായ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാകാം അവര്‍ ഹഖിനെ ലക്ഷ്യമിട്ടെത്തിയത്. ഹഖിനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥിലാജിനെയും കുത്തിവീഴ്ത്തിയത്. അവന്റെ നെഞ്ചില്‍ മാരകായുധം കുത്തിയിറക്കിയിരുന്നു. ഹൃദയത്തില്‍ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്.

ഹഖിന്റെ തല വെട്ടിപ്പൊളിച്ചനിലയിലായിരുന്നു. സ്‌പൈനല്‍ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം. മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. അവന്‍ അധ്വാനിച്ച് കുടുംബം പോറ്റുന്നവനാണ്. ഒന്നോ രണ്ടോ പേര്‍ വന്നാലൊന്നും അവനെ കീഴ്‌പ്പെടുത്താനാവില്ല. അതിനാലാകാം പത്തോളം പേര്‍ ഒരുമിച്ചെത്തി ഇരുവരെയും ആക്രമിച്ചതെന്നും നിസാം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും നിസാം ആരോപിച്ചു.

Top