വെഞ്ഞാറമൂട് കൊലപാതകം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് എഎ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസിലെ പ്രതികള്‍ക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്നും റഹീം ആരോപിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പുരുഷോത്തമന്‍ നായര്‍ കേസിലെ പ്രധാന പ്രതികളുമായി സംഭവ സ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാള്‍. സമാധാനം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പ്രതികളെ ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റഹീം വിമര്‍ശിച്ചു.

അറസ്റ്റിലായ പ്രതികളുടെ നിയമസംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. കൊലപാതകത്തില്‍ പാര്‍ട്ടിക്കുണ്ടായ അപമാനം മറച്ചുവെയ്ക്കാനായി തെറ്റായ പ്രചരണങ്ങള്‍ നടത്തി കോണ്‍ഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി.

Top