വേങ്ങര ഉപതെരഞ്ഞെടുപ്പ്; 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ അവസാന മണിക്കൂറുകളിലെ കണക്കുകള്‍ പ്രകാരം 70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

രാവിലെ മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് ക്രമേണ മികച്ച നിലയില്‍ പുരോഗമിക്കുകയായിരുന്നു. പത്ത് കഴിഞ്ഞതോടെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നല്ല ക്യൂ അനുഭവപ്പെട്ടു.

വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു വേങ്ങരയിലേത്. ഉച്ചയ്ക്ക് ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 43 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആറുമാസം മുമ്പ് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ 67.70 ശതമാനം പോളിംഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനം പേരും വോട്ട് ചെയ്തു.

മികച്ച പോളിംഗ് നടക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. മണ്ഡലത്തില്‍ മത്സരിക്കുന്ന ആറ് സ്ഥാനാര്‍ഥികളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീറിന് മാത്രമാണ് വേങ്ങരയില്‍ വോട്ടുള്ളത്. അദ്ദേഹം രാവിലെ തന്നെ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം പോളിംഗ് തുടങ്ങിയതിന് പിന്നാലെ സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തത് യുഡിഎഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തി.

വേങ്ങര ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

Top