വേങ്ങരയിൽ വോട്ട് കൂടിയാൽ ഇടതിനു നേട്ടം, കുറഞ്ഞാൽ പ്രതിപക്ഷത്തിന് ആത്മവിശ്വാസം

വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിൽ.

വലിയ അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷമായ ഇടതു മുന്നണി.

സംഘപരിവാറിനെ എതിർക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് ബി.ജെ.പി ജനരക്ഷായാത്ര തന്നെ ഉദാഹരണമാക്കിയാണ് ന്യൂനപക്ഷ മണ്ഡലത്തിൽ ഇടതു പ്രചാരണം.

മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സാക്ഷാൽ വി.എസ് അച്ചുതാനന്ദൻ വരെ ഇവിടെ പി.പി.ബഷീറിന് വോട്ട് തേടിയെത്തി.

എ.കെ.47 തോക്കുകളുമായി റോഡിലിറങ്ങിയത് ആരെ രക്ഷിക്കാനാണ് എന്നതായിരുന്നു ജന രക്ഷായാത്രയിലെ അമിത് ഷായുടെ സെക്യൂരിറ്റിക്കാരെ ചൂണ്ടിക്കാട്ടി വി.എസ്.ചോദിച്ചത്.

യു പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി ബി.ജെ.പി ജാഥയിൽ പങ്കെടുത്തതിനെ യു.പിയെയും കേരളത്തെയും താരതമ്യം ചെയ്താണ് പിണറായി കടന്നാക്രമിച്ചത്.

കഴിഞ്ഞ തവണതേതിനേക്കാൾ വോട്ടുകൾ വലിയ രൂപത്തിൽ വർദ്ധിക്കുമെന്ന ആത്മവിശ്വാസം ഇടതു കേന്ദ്രങ്ങൾക്കുണ്ട്. തരംഗമുണ്ടായാൽ ഒരു അട്ടിമറി പോലും ചില നേതാക്കൾ സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ ‘വെട്ടിനിരത്തി’ കെ.എൻ.എ ഖാദർ സ്ഥാനാർത്ഥിയായതിൽ അമർഷമുള്ള ലീഗിലെ വിഭാഗം കനിഞ്ഞാൽ പി.പി ബഷീർ നിയമസഭയിലെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

അതേ സമയം യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് വൻ ഭൂരിപക്ഷത്തിന് പി.കെ.കുഞ്ഞാലിക്കുട്ടി വിജയിച്ച മണ്ഡലത്തിൽ ഭൂരിപക്ഷം കൂടുമെന്നാണ് പ്രതീക്ഷ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നീ നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ചാണ് പ്രചരണത്തിന് നേതൃത്വം നൽകിയിരുന്നത്.

ലീഗിന്റെ ഉറച്ച കോട്ട എന്നതും ഭരണവിരുദ്ധ വികാരവുമാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.

സംസ്ഥാന സർക്കാറിന്റെ നിലപാടുകൾ തന്നെയാണ് യു.ഡി.എഫ് ഇവിടെ പ്രധാനമായും പ്രചരണമാക്കിയത്.

രണ്ട് സംസ്ഥാനത്ത് മാത്രമുള്ള ഇടതുപക്ഷത്തിനല്ല, കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിക്കാണ് സംഘ പരിവാറിനെ പിടിച്ചുകെട്ടാൻ കഴിയൂ എന്നതാണ് യു.ഡി.എഫ് വാദം.

ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ഇടത് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ കഴിയുകയും ചെയ്താൽ അത് പിണറായി സർക്കാറിന് തിരിച്ചടിയും പ്രതിപക്ഷത്തിന് ആത്മവിശ്വാസവും നൽകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

മലപ്പുറത്തു നിന്ന് വേര്‍പെടുത്തി വേങ്ങര മണ്ഡലം രൂപവത്കരിച്ച ശേഷം 2011-ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38237 വോട്ടിന് പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. 2016-ല്‍ കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും ജനവിധി തേടി. ഭൂരിപക്ഷം 38,057. എതിര്‍ സ്ഥാനാര്‍ഥിയായ പി.പി. ബഷീറിന് ആകെ കിട്ടിയത് 34124 വോട്ടുകള്‍. ഇടതു സ്ഥാനാര്‍ഥിക്ക് കിട്ടിയ മൊത്തം വോട്ടിനേക്കാള്‍ കൂടുതലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.

ബി.ജെ.പി നേതൃത്വമാകട്ടെ ജന രക്ഷായാത്ര വേങ്ങരയിൽ കൂടി കടന്നു പോയപ്പോൾ ഉണ്ടായ ജനസാഗരം വോട്ടെടുപ്പിൽ പ്രതിഫലിച്ചാൽ വമ്പൻ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ്.

വിജയമെന്ന അഹങ്കാരമെന്നും ബി.ജെ.പി സ്ഥാനാർത്ഥി ജനചന്ദ്രൻ മാസ്റ്റർക്ക് ഇല്ലങ്കിലും വോട്ടുകൾ വലിയ രൂപത്തിൽ വർദ്ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ജന രക്ഷായാത്രയുടെ തിരക്കിൽ സംസ്ഥാന നേതാക്കൾക്കു പോലും കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ കഴിയാതിരുന്ന മണ്ഡലത്തിൽ വോട്ടിങ്ങിലെ ചെറിയ വർദ്ധനവ് പോലും ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാകും.

Top