അഭയാര്‍ഥി കുടിയേറ്റം: വടക്കന്‍ അതിര്‍ത്തി ബ്രസീല്‍ അടച്ചു പൂട്ടി

കാരക്കാസ്: വെനസ്വേലയില്‍ നിന്നുമുള്ള അഭയാര്‍ഥി കുടിയേറ്റം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി ബ്രസീല്‍ അടച്ചു പൂട്ടി. ഫെഡറല്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ അതിര്‍ത്തി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യാതിര്‍ത്തി വഴിയുള്ള വെനസ്വേലന്‍ അയാര്‍ഥികളുടെ ക്രമാതീതമായ കടന്ന് വരവിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.

ബ്രസീലിലെ റെറൈമ പ്രവിശ്യയോട് ചേര്‍ന്ന ബോഅ വിസ്തയോട് അതിര്‍ത്തി വഴിയാണ് രാജ്യത്തേക്ക് വെനസ്വേലന്‍ അഭയാര്‍ഥികള്‍ വന്നിരുന്നത്. വെനസ്വേലയിലെ രാഷ്ടീയ സാമ്പത്തിക പ്രതിനിധികളെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് ബ്രസീലിലേക്ക് കുടിയേറ്റം നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം പതിനായിരക്കണക്കിന് പേര്‍ ഇതുവഴി ബ്രസീലിലെത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ അഭയാര്‍ഥി സംഘടനയും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ബ്രസീലിയന്‍സ് അല്ലാത്തവര്‍ക്കും അതിര്‍ത്തിവഴി സഞ്ചരിക്കാമെന്ന നിയമം മറയാക്കിയാണ് അഭയാര്‍ഥികളില്‍ പലരും രാജ്യത്തേക്കെത്തിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനം നടപ്പിലായതോടെ വെന്വസേലയന്‍കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകുന്നതിന് മാത്രമായിരിക്കും ഇനി അതിര്‍ത്തി തുറന്ന് നല്‍കുന്നത്.

ഔദ്യോഗിക കണക്കുകളനുസരിച്ച് ദിവസേന 500 ല്‍ അധികം വെനസ്വേലക്കാര്‍ ബ്രസീലിലേക്കെത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കോടതി ഉത്തരവ് പ്രകാരമുള്ള തീരുമാനം നടപ്പാക്കുന്നതിലൂടെ അഭയാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്താനാവുമെന്ന് പ്രതീക്ഷയിലാണ് ബ്രസീലിയന്‍ സര്‍ക്കാര്‍.

Top