രണ്ടാം തവണയും വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ അധികാരത്തില്‍

വെനസ്വേല; വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ വീണ്ടും അധികാരമേറ്റു. കാരക്കാസില്‍ സുപ്രീംകോടതിയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള നാഷണല്‍ അസംബ്ലിയെ ഒഴിവാക്കിയാണ് മഡുറോ സുപ്രീംകോടതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

മഡുറോയെ പ്രസിഡന്റായി അംഗീകരിക്കാന്‍ യുഎസ് അടക്കം 14 രാജ്യങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ , നിക്കാരഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗ, ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലെസ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മേയ് 20നു നടന്ന വോട്ടെടുപ്പിലാണു മഡുറോ രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

നിയമാനുസൃത പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതുവരെ അധികാരം പാര്‍ലമെന്റിനു(നാഷണല്‍ അസംബ്ലി) കൈ മാറാന്‍ മഡുറോ തയാറാവണമെന്ന് നിരവധി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും കാനഡയും ആവശ്യപ്പെട്ടിരുന്നു. വെനസ്വേലയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്നും കാരക്കാസില്‍ നിന്ന് നയതന്ത്രജ്ഞരെ പിന്‍വലിക്കുകയാണെന്നും മഡുറോ അധികാരമേറ്റയുടന്‍ പരാഗ്വേന്‍ പ്രസിഡന്റ് മരിയോ അബ്‌ഡോ ട്വീറ്റ് ചെയ്തു.

Top