Vellappally-vigilance-case-vs-petition

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രീതീപ്പെടുത്തി മൈക്രോഫിനാന്‍സ് കേസില്‍ നിന്ന് തലയൂരാനുള്ള എസിഎന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിന് വന്‍തിരിച്ചടി. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചും പ്രകീര്‍ത്തിച്ചും അദ്ദേഹത്തിന്റെ വിശ്വസ്തനായ മുതിര്‍ന്ന അഭിഭാഷകനെ മുന്‍നിര്‍ത്തിയും വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനാണ് വിഎസ് ഇപ്പോള്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ സീനിയര്‍ അഭിഭാഷകന്‍ എംകെ ദാമോദരനെ രംഗത്തിറക്കി മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയുടെ നീക്കം.ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിലപാട് കടുപ്പിച്ചാലും സര്‍ക്കാര്‍ അഭിഭാഷകന്‍ കടുത്ത പ്രതിരോധം ഹൈക്കോടതിയില്‍ സ്വീകരിക്കില്ലെന്ന കണക്ക്കൂട്ടലിലായിരുന്നു ഈ നീക്കം. എന്നാല്‍ ഈ ‘ധാരണ’യെല്ലാം തെറ്റിച്ചാണ് രൂക്ഷ വിമര്‍ശനവുമായി വിഎസ് രംഗത്തിറങ്ങിയിരിക്കുന്നത്.

കേസ് അട്ടിമറിക്കാനുള്ള ഇത്തരം ചെപ്പടി വിദ്യകള്‍ വിലപ്പോകില്ലെന്നും സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ പരാതിക്കാരനായ വിഎസ് തന്നെ ഹൈക്കോടതിയെ സമീപിക്കുന്നത് സംസ്ഥാന സര്‍ക്കാരിനും നിര്‍ണ്ണായകമാണ്. ഇനി വിഎസിന്റെ വാദം കൂടി പരിഗണിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് നിലപാട് സ്വീകരിക്കാന്‍ പറ്റു.

കേസില്‍പ്പെട്ട ശേഷം വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായിയുമായി വേദി പങ്കിട്ടതും ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തിയതുമെല്ലാം വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന പ്രചരണത്തിന് കാരണമായിരുന്നു.

മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് വെള്ളാപ്പള്ളി അടിക്കടി നടത്തുന്ന പ്രസ്താവനകളില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലും അസ്വസ്ഥരായിരുന്നു.

Top