എൻ.ഡി.എയിൽ പിടിമുറുക്കാൻ ജോർജ്, തുഷാറിന് വയനാട് ഫലം നിർണായകം

ലോകസഭ തിരഞ്ഞെടുപ്പില്‍ ചിത്രത്തില്‍ എങ്ങും ഇല്ലാത്ത പാര്‍ട്ടിയായി ഒതുങ്ങി പോയിരിക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ കേരളത്തിലെ പ്രധാന സഖ്യകക്ഷി എന്ന നിലയില്‍ ലഭിച്ച ഒരു പരിഗണനയും ഇത്തവണ മാധ്യമങ്ങള്‍ പോലും ആ പാര്‍ട്ടിക്ക് നല്‍കിയിരുന്നില്ല. അച്ഛന്‍ വെള്ളാപ്പള്ളി ചുവപ്പിനൊപ്പവും മകന്‍ വെള്ളാപ്പള്ളി കാവിക്കൊപ്പവും നിന്നു കളിച്ച രാഷ്ട്രീയ കളിയില്‍ നഷ്ടം സംഭവിച്ചത് ബി.ഡി.ജെ.എസിനാണ്. കാവി പാളയത്തില്‍ പോലും പഴയ സ്വീകാര്യത അവര്‍ക്കിപ്പോള്‍ ലഭിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.

തൃശൂരില്‍ നിന്നും വയനാട് മല കയറിയ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതീക്ഷ വാനോളമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന നേതാവെന്ന ഇമേജ് ദേശീയ തലത്തില്‍ സൃഷ്ടിക്കപ്പെടുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ദിവസം വന്ന വാര്‍ത്തകള്‍ മാറ്റി വച്ചാല്‍ മലയാള മാധ്യമങ്ങള്‍ പോലും തുഷാറിനെ അവഗണിക്കുകയായിരുന്നു.

രാഹുലിനെതിരെ സര്‍വ്വ ശക്തിയുമെടുത്ത് ചെങ്കൊടി പ്രസ്ഥാനം ഇറങ്ങിയതോടെ ബി.ഡി.ജെ.എസ് പ്രചരണം വയനാട്ടില്‍ മുങ്ങി പോയി. ഈ മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകരില്‍ പോലും ഒരു തരം നിസഹകരണം വ്യക്തമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാത്തതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ കീഴ് ഘടകങ്ങള്‍ തന്നെ അറിയിച്ചിരുന്നു.

തൃശൂരില്‍ ആദ്യം തുഷാറിനെ പരിഗണിച്ചത് വഴി നഷ്ടമായ സമയത്തിന്റെ വില വലുതാണെന്ന അഭിപ്രായം ആര്‍.എസ്.എസ് നേതൃത്വത്തിനും ഉണ്ട്. ഇവിടെ നേരത്തെ സുരേഷ് ഗോപി ഇറങ്ങുകയായിരുന്നുവെങ്കില്‍ നല്ല ഭൂരിപക്ഷത്തിന് തന്നെ വിജയിക്കുമായിരുന്നു എന്നാണ് അവരുടെ അവകാശവാദം.

ബി.ഡി.ജെ.എസിന് അമിത പ്രാധാന്യം കൊടുത്ത കേന്ദ്ര നേതൃത്വത്തിനുള്ള തിരിച്ചടി വയനാട്ടിലെ ഫലം വരുമ്പോള്‍ ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം നേതാക്കള്‍. അതേസമയം ബി.ജെ.പി വേണ്ടത്ര സഹായിച്ചില്ലെന്ന പരിഭവം ബി.ഡി.ജെ.എസ് തലപ്പത്തും സജീവമാണ്.

ഈ ഭിന്നത തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിക്കാനുള്ള സാധ്യതയും തള്ളികളയാന്‍ കഴിയില്ല. പ്രത്യേകിച്ച് വയനാട്ടില്‍ തുഷാര്‍ പിടിക്കുന്ന വോട്ട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. കഴിഞ്ഞ തവണ 80,752 വോട്ടുകളാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.ആര്‍ രശ്മില്‍ നാഥ് നേടിയിരുന്നത്. ഒരു ലക്ഷം വോട്ടെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിക്ക് കിട്ടിയില്ലെങ്കില്‍ അത് ബി.ഡി.ജെ.എസിനെ സംബന്ധിച്ച് നാണക്കേടായി മാറും.

cpm

എന്‍.ഡി.എ മുന്നണിയിലും ഈ ഘടക കക്ഷിയുടെ നില ഇപ്പാള്‍ തന്നെ പരുങ്ങലിലാണ്. പി.സി ജോര്‍ജ് എം.എല്‍.എയുടെ ജനപക്ഷത്തിന്റെ കടന്ന് വരവാണ് തുഷാറിനും ബി.ഡി.ജെ.എസിനും വെല്ലുവിളി ഉയര്‍ത്തുന്നത്. കേരള രാഷ്ട്രിയത്തിലെ ഒറ്റയാനായ പി.സി ജോര്‍ജിനെയും തുഷാറിനെയും ഒരേ തുലാസില്‍ തൂക്കാന്‍ ബി.ജെ.പിയെ സംബന്ധിച്ച് കഴിയുകയില്ല. മാത്രമല്ല പത്തനംതിട്ടയില്‍ ബി.ജെ.പി എന്ത് മുന്നേറ്റം ഉണ്ടാക്കിയാലും അതിന്റെ നേട്ടം പി.സി ജോര്‍ജിന് കൂടി അവകാശപ്പെട്ടതായിരിക്കും.

സ്വന്തം പാളയത്തിലെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പി.സി ജോര്‍ജ് ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്. സംസ്ഥാന എന്‍.ഡി.എയില്‍ രണ്ടാമനായ തുഷാറിന് കീഴില്‍ എന്തായാലും മൂന്നാമനാകാന്‍ എം.എല്‍.എ കൂടിയായ ജോര്‍ജ് തയ്യാറാകില്ല. ഇതും തുഷാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനത്തിലാണ് പി.സി ജോര്‍ജിന്റെ നോട്ടം.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലായില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനും പി.സി.ജോര്‍ജിന് പദ്ധതിയുണ്ട്. ബി.ജെ.പിയും ഈ തീരുമാനത്തെ പിന്തുണക്കുമെന്നാണ് സൂചന. പാലായില്‍ ചില മേഖലകളില്‍ ശക്തമായ സ്വാധീനം പി.സി.ജോര്‍ജിന് ഇപ്പോഴുമുണ്ട്. പഴയ പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളാണിവ.

ചുരുക്കി പറഞ്ഞാല്‍ ബി.ഡി.ജെ.എസിനേക്കാള്‍ ഇപ്പോള്‍ ബി.ജെ.പിക്ക് ആവശ്യം പി.സി ജോര്‍ജിന്റെ ജനപക്ഷവും എന്‍.എസ്.എസും ഒക്കെയാണ്. വനിതാ മതിലിനായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നത് സ്വന്തം സമുദായത്തില്‍ തന്നെ വെള്ളാപ്പള്ളിമാര്‍ ഒറ്റപ്പെടാന്‍ കാരണമായതായാണ് സംഘ പരിവാര്‍ വിലയിരുത്തല്‍.

അടുപ്പത്തിലായിരുന്ന എന്‍.എസ്.എസ് നേതൃത്വത്തെ പോലും പ്രകോപിപ്പിച്ചത് തുഷാര്‍ വെള്ളാപ്പള്ളിക്ക് എന്‍.ഡി.എ നല്‍കി വരുന്ന പരിഗണന മൂലമായിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരില്‍ പോലും നിര്‍ണ്ണായകമാകുന്നത് നായര്‍ വോട്ടുകളാണ് എന്ന കാര്യവും ബി.ജെ.പി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്‍.എസ്.എസ് നേതൃത്വത്തില്‍ അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ അവരും പിന്തുണച്ചതായാണ് പാര്‍ട്ടി വിലയിരുത്തല്‍.

ഈ മൂന്ന് മണ്ഡലങ്ങളില്‍ എന്ത് നേട്ടം ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാക്കിയാലും ബി.ഡി.ജെ.എസിന് അവകാശവാദം ഉന്നയിക്കാന്‍ അവകാശമില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.എസ്.എന്‍.ഡി.പി യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും നിലപാടും മുന്‍ നിര്‍ത്തിയാണ് ഈ വിലയിരുത്തല്‍.

Top