Vellappally supported Oommen Chandy

കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

വിലക്ക് സംഭവത്തില്‍ വെള്ളാപ്പള്ളിക്ക് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കി മുഖ്യമന്ത്രി രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ തലോടി വെള്ളാപ്പള്ളി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മിടുക്കനായ, പ്രഗത്ഭനായ, ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിമാ അനാവരണ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ആദ്യം ക്ഷണിച്ചത് താനല്ല. സുവര്‍ണകുമാറും പ്രൊഫസര്‍ ശശികുമാറുമാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിമാ നിര്‍മാണവുമായി എസ്എന്‍ഡിപിക്ക് ബന്ധമില്ല. ചടങ്ങ് സംഘടിപ്പിച്ചത് പ്രത്യേക കമ്മിറ്റിയാണ്. മുഖ്യമന്ത്രി വരണ്ടെന്ന് പറഞ്ഞത് താന്‍ തന്നെയാണ്. ചടങ്ങ് അലങ്കോലമാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

തീരുമാനം തന്റേത് മാത്രമല്ല. എല്ലാവരും ചേര്‍ന്നെടുത്തതാണ്. മുഖ്യമന്ത്രിയോടും കോണ്‍ഗ്രസിനോടും ഉള്ള വിദ്വേഷം കൊണ്ടല്ല അങ്ങിനെ ചെയ്തത്. മുഖ്യമന്ത്രിക്ക് അപമാനം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. ചെയ്തത് പൂര്‍ണ്ണമായും ശരിയെന്നാണ് തന്റെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഒഴിവായത് ആത്മാര്‍ത്ഥതയോടെയാണ്. വെള്ളാപ്പള്ളിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇപ്പോള്‍ എല്ലാവരും ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ആര്‍ ശങ്കറിന്റെ പ്രതിമാ അനാവരണ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം വെള്ളാപ്പള്ളി-ഉമ്മന്‍ ചാണ്ടി കള്ളക്കളിയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും പരസ്പരം പുകഴ്ത്തി രംഗത്ത് വന്നതോടെ പിന്നെ ആര്‍ക്ക് വേണ്ടിയാണ് വിലക്കിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അണിയറയില്‍ അരങ്ങേറിയ തിരക്കഥ ഉമ്മന്‍ ചാണ്ടിയുടേയും വെള്ളാപ്പള്ളിയുടേയും വിശദീകരണത്തോടെ പുറത്തായിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.

Top