സിപിഎം ഇന്ന് കരിദിനം ആചരിക്കുന്നത് ഗുരുദേവനോടുള്ള അനാദരവ്; വെള്ളാപ്പള്ളി

ആലപ്പുഴ: ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഫേസ്ബുക്കിലൂടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കു. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാമെന്നും വെള്ളാപ്പള്ളി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണ്.
വെള്ളാപ്പളളി നടേശൻ
എസ് എൻ ഡി പി യോഗം
ജനറൽ സെക്രട്ടറി
Top