ജാതി സെന്‍സസ് നടത്തണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ജാതി സെന്‍സസ് നടത്തണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

‘ജാതി സെന്‍സസ് വേണോ വേണ്ടയോ എന്നാണ് ചര്‍ച്ച. ജാതി സെന്‍സസ് നടത്തണം. സാമൂഹികമായി പിന്നോട്ട് നില്‍ക്കുന്ന പട്ടികജാതിക്കാരുണ്ട്.പിന്നാക്കക്കാരുണ്ട്, മുന്നാക്കക്കാരുണ്ട്, മുസ്ലീങ്ങളുണ്ട്. ഇങ്ങനെയുള്ള ആളുകളെ ജാതി തിരിച്ച് സെന്‍സസ് എടുത്തിട്ട് ജനസംഖ്യാ അനുപാതികമായി അധികാരത്തിലുള്ള പങ്കാളിത്തം അവര്‍ക്ക് നല്‍കണം’- വെള്ളാപ്പള്ളി പറഞ്ഞു.

ഭരണത്തത്തിലുള്ള പങ്കാളിത്തമാണ് പ്രധാനം. അതല്ലാതെ സെന്‍സസ് എടുക്കുന്നതുകൊണ്ട് എന്താണ് കാര്യം. ഇക്കാര്യത്തില്‍ ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ക്ക് യോജിപ്പുണ്ടോ. അവിടെ നില്‍ക്കുന്ന മുസ്ലിം ലീഗിന് സാമ്പത്തിക സംവരണത്തിന് കൂട്ടുനില്‍ക്കാനാകുമോ. എ.എ.പിയും യോജിക്കുന്നില്ല. ഇതിനകത്ത് ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top