vellappally natesan-vs

പാലക്കാട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വെള്ളാപ്പള്ളി ശ്രീനാരായണ ആശയങ്ങളെ ഒറ്റിക്കൊടുത്തു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പിയുമായി കൂട്ടുകൂടിയതെന്ന് മലമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വി.എസ്. പറഞ്ഞു.

പാവപ്പെട്ടവരില്‍ നിന്ന് അഞ്ച് ശതമാനം പലിശ ഈടാക്കേണ്ട സ്ഥാനത്ത് 18 ശതമാനം ഈടാക്കിയാണ് വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിധി വരുമ്പോള്‍ വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഈഴവ സമുദായത്തിന്റെ നേതാവെന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി തട്ടിപ്പിലൂടെ കോടികളാണ് അടിച്ചുമാറ്റിയത്. തട്ടിപ്പില്‍ അകപ്പെടുമെന്ന് അറിഞ്ഞപ്പോഴാണ് പാര്‍ട്ടി ചുമതലകളെല്ലാം മകനെ ഏല്‍പ്പിച്ചത്. ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ചുട്ടപ്രഹരം നല്‍കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിക്കണം. സംസ്ഥാനത്തെ 2800 ഏക്കറില്‍ കൂടുതല്‍ ഭൂമിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമാഫിയക്ക് പതിച്ച് നല്‍കിയതെന്നും വി.എസ് ആരോപിച്ചു.

Top