തുഷാറിനെ രക്ഷിച്ചത് യൂസഫലി, ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു: വെള്ളാപ്പള്ളി

vellappally-nateshan

ആലപ്പുഴ: വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍.

വിഷയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും ഇടപെട്ടിരുന്നുവെന്നും ശ്രീധരന്‍ പിള്ള കാണിച്ചത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയായിരുന്നുവെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി. തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്കെതിരെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

അജ്മാനില്‍ തുഷാര്‍ അറസ്റ്റിലായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ പിണറായി വിജയനെ ബന്ധപ്പെട്ടിരുന്നു. തുഷാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം എന്നെ വിളിച്ച് വിവരം കൈമാറുകയും ചെയ്തു. ദുബായിലുണ്ടായിരുന്ന വി മുരളീധരനും തന്നെ ബന്ധപ്പെട്ടിരുന്നു. എംബസി വഴി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍ മറ്റു ബിജെപിക്കാരെ പോലെയല്ല ശ്രീധരന്‍ പിള്ള ഇടപെട്ടത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു

Top