‘അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ എന്തിന് മതവിദ്വേഷം കാണണം?’; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ എന്തിന് മതവിദ്വേഷം കാണുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണമൊ വേണ്ടയോ എന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ വോട്ടിനു വേണ്ടിയാണ്. രാമക്ഷേത്രം പണിയുക എന്നത് ഹിന്ദുക്കളുടെ വികാരമാണ്. ആ വികാരം മലവെള്ളച്ചാട്ടം പോലെ കുത്തി ഒലിച്ചെത്തും. അതിന് എതിരെ നില്‍ക്കുന്ന ഏത് ശക്തികളും ആ മലവെള്ളച്ചാട്ടത്തില്‍ ഒഴുകിപ്പോകും. ആര് എതിര്‍ത്താലും ഹിന്ദുക്കളില്‍ ആ വികാരമുണ്ടെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.

അതിന് എതിരായി ആര് നില്‍ക്കുന്നതും ശരിയല്ല. വിശ്വാസമുള്ളവര്‍ ജാതിമതഭേദമന്യേ ദീപം തെളിക്കാന്‍ താന്‍ ആഹ്വാനം ചെയ്യുന്നു. ഉള്‍ക്കൊള്ളാന്‍ മനസ്സുള്ളവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് പോകേണ്ട എന്ന് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്ന് വെളളാപ്പളളി നടേശന്‍ ചോദിച്ചു. ആ തീരുമാനമെടുക്കാന്‍ പോലും അവര്‍ വൈകി. സിപിഐഎം വളരെ നേരത്തെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനം; കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത അഭിപ്രായം ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവും മുസ്ലീങ്ങള്‍ക്ക് പ്രവാചകനും ദൈവമാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് രാമനും ദൈവമാണ്. ഇതൊരു വിവാദമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സമവായത്തിലൂടെയാണ് ബാബരി വിഷയത്തില്‍ വിധി വന്നത്. അതുപ്രകാരം രണ്ടു കൂട്ടരും ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു. മതവിദ്വേഷം കുത്തിയിളക്കി തമ്മില്‍ തല്ലിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയക്കാര്‍ക്ക് എല്ലാവര്‍ക്കും അധികാരമോഹമുണ്ടെന്ന് എം ടി വാസുദേവന്‍ നായരുടെ മുഖ്യമന്ത്രിക്കെതിരെയുളള വിമര്‍ശനത്തില്‍ വെളളാപ്പളളി നടേശന്‍ പ്രതികരിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തീരുമനങ്ങള്‍ക്ക് പിന്നിലും അധികാരമോഹമാണ്. എം ടി പറഞ്ഞതിനെപ്പറ്റി പലരും പലതാണ് പറയുന്നത്. അതുകൊണ്ട് തല്‍ക്കാലം അഭിപ്രായം പറയുന്നില്ലെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.

Top