‘ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍’; പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കാണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തിൽ തന്നെ ഒന്നാം പ്രതിയാക്കിയ കേസിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെ കെ മഹേശന്റെ മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സിബിഐ അന്വേഷിക്കട്ടെ. ആരോപണങ്ങൾക്ക് പിന്നിൽ സമുദായത്തെ തകർക്കുക എന്ന ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

മാരാരിക്കുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി മഹേശന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

Top