ലക്ഷ്യം ഹിന്ദു ഐക്യം;നവോത്ഥാന സംരക്ഷണ സമിതിയിലെ പിളര്‍പ്പ് കാര്യമാക്കേണ്ടെന്ന്‌

vellappally-nateshan

ആലപ്പുഴ: നവോത്ഥാന സംരക്ഷണ സമിതിയിലെ പിളര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍.

സമിതി വിട്ട ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളി സുഗതന്‍ പോയതു കൊണ്ട് നവോത്ഥാന സമിതിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും അഭിപ്രായപ്പെട്ടു. സി.പി സുഗതന് പണ്ടേ പാര്‍ലമെന്ററി മോഹമായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സി.പി സുഗതന്റെ രീതി പണ്ടേ ശരിയല്ലായിരുന്നുവെന്നാണ് വെള്ളാപ്പള്ളി പ്രതികരിക്കുന്നത്. ഇക്കാര്യം തുടക്കത്തില്‍ തന്നെ താന്‍ പറഞ്ഞതാണ്. ഹിന്ദു ഐക്യം ലക്ഷ്യമിട്ടു കൊണ്ടാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. നവോത്ഥാന സംരക്ഷണത്തിന് ഏതറ്റം വരെയും എസ്എന്‍ഡിപി പോകാന്‍ തയ്യാറാണ്. സി.പി സുഗതന്‍ വെറും കടലാസ് പുലിയാണ്. സുഗതന്‍ പോയതു കൊണ്ട് സമിതിക്ക് ഒന്നും തന്നെ സംഭവിക്കില്ല. പൂര്‍വാധികം ശക്തിയോടെ നവോത്ഥാന സംരക്ഷണ സമിതി പ്രവര്‍ത്തിക്കും, വെള്ളാപ്പള്ളി വ്യക്തമാക്കി.

ഹിന്ദു പാര്‍ലമെന്റ് അംഗമാണ് സി.പി സുഗതന്‍. സുഗതന്റെ നേതൃത്വത്തില്‍ അമ്പതോളം സമുദായസംഘടനകളാണ് നവോത്ഥാന സംരക്ഷണ സമിതി വിട്ടത്. നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നാണ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമെന്നാണ് സൂചനകള്‍.

Top