അരൂരില്‍ പിഴച്ചു;ബാക്കി ജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ടത്‌ സുകുമാരന്‍ നായരോട്. . .

Vellappally Natesan

ആലപ്പുഴ : അരൂരില്‍ സിപിഎമ്മിനെ തോല്‍പിച്ചത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പിഴവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘വിജയ സാധ്യതയും ജനപ്രീതിയും പരിഗണിക്കാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് അരൂരില്‍ നടന്നത്.മനു സി പുളിക്കല്‍ പാര്‍ട്ടിക്ക് പറ്റിയ തെറ്റാണ്. ജനങ്ങളറിയുന്ന അറിയപ്പെടുന്ന ആളെ നിര്‍ത്തണം. ജയ സാധ്യതയുള്ള ആളെ നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടി പരജായപ്പെട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോന്നിയിലെയും വട്ടിയൂര്‍കാവിലെയും വിജയത്തിന് ഇടതുമുന്നണി നന്ദി പറയേണ്ടത്‌ സുകുമാരന്‍ നായരോടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിച്ച രണ്ട് ഇടതുസ്ഥാനാര്‍ഥികള്‍ പുഷ്പഹാരവുമായി ചങ്ങനാശേരിയില്‍ ചെന്ന് സുകുമാരന്‍നായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമസ്‌കരിക്കണം. ഇതുപോലെയുള്ള പ്രസ്താവനകള്‍ ഇനിയും ശക്തമായി നടത്തണമെന്ന് ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വിഎസിന്റെ അഭിപ്രായത്തോടു യോജിക്കുന്നെന്നും സാമുദായിക സംഘടനകളുടെ സമവാക്യങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതു വസ്തുതയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.ഷാനിമോള്‍ക്ക് സഹതാപതരംഗം തുണയായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top