ഇടതുപക്ഷത്തിരുന്ന് വല്ലതുപക്ഷ സ്വഭാവം കാണിക്കുന്ന കമ്മ്യൂണിസ്റ്റ് !

രാഷ്ട്രീയ പാര്‍ട്ടികള്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം ആരെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നൊക്കെ തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെയാണ്. അതല്ലാതെ സമുദായ നേതാക്കളല്ല. ഇക്കാര്യം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഓര്‍ക്കുന്നത് നല്ലതാണ്. മുന്‍പ് വെള്ളാപ്പള്ളി തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തവരെ ജയിപ്പിച്ച് വിട്ട ചരിത്രമാണ് ജനങ്ങള്‍ക്കുള്ളത്. അതും, മറന്നു പോകരുത്.

ചേര്‍ത്തലയില്‍ തിലോത്തമനെ ഒഴിവാക്കിയാല്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനു വോട്ട് ചെയ്യണമെന്നില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്. മൂന്നുതവണ ജയിച്ചവരെ ഒഴിവാക്കുന്ന സി.പി.ഐ നിലപാട് നല്ലതാണെങ്കിലും ജയസാധ്യത നോക്കണമെന്നതാണ് വെള്ളാപ്പള്ളിയുട ഉപദേശം. ഇത്തരം അഭിപ്രായങ്ങള്‍ നിരത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ മുളയിലേ നുള്ളിക്കളയാന്‍ സി.പി.ഐ നേതൃത്വമാണ് ആദ്യം തയ്യാറാകേണ്ടത്. ചേര്‍ത്തല സീറ്റ് ഇടതുപക്ഷം സി.പി.ഐക്കായി നീക്കിവച്ച സീറ്റാണ്. അവിടെ ഇത്തവണയും സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെങ്കില്‍ തിലോത്തമന്‍ മാറുന്നത് തന്നെയാണ് നല്ലത്.

ഭക്ഷ്യമന്ത്രി എന്ന നിലയില്‍ തിലോത്തമന്‍ വലിയ പരാജയമാണ്. ആ വകുപ്പില്‍ നടന്ന കാര്യങ്ങളും ഞെട്ടിക്കുന്നതാണ്. സപ്ലൈകോയില്‍ നടന്ന അഴിമതിയുടെ അണിയറ രഹസ്യങ്ങള്‍ ചികഞ്ഞാല്‍ മന്ത്രിയുടെ ‘മുഖമൂടി’ തന്നെയാണ് അഴിഞ്ഞു വീഴുക. തിലോത്തമന്‍ വീണ്ടും മത്സരിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ പ്രതിപക്ഷവും ‘ആവനാഴിയില്‍’ ആയുധങ്ങള്‍ കരുതി വച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു വേണം സി.പി.ഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുവാന്‍. ‘ചെറുപ്പക്കാരേയോ, പുറത്തുനിന്ന് ആളുകളെയോ കൊണ്ടുവന്നാല്‍’ ജനം അംഗീകരിച്ചെന്ന് വരില്ലന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം ഒരു തരത്തില്‍ പറഞ്ഞാല്‍ ഭീഷണി തന്നെയാണ്. അത് ആര്‍ക്കു വേണ്ടിയാണെന്നതും വ്യക്തമാണ്.

thilothaman

കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് യോജിക്കാത്ത രീതിയില്‍ സമര്‍ദ്ദവുമായി ഏതെങ്കിലും നേതാവ് രംഗത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അത് ഏത് ഉന്നതനായാലും നടപടി എടുത്ത് പുറത്താക്കുകയാണ് വേണ്ടത്. സമുദായ നേതാക്കളുടെ തിണ്ണനിരങ്ങുന്നവരെ ചുമക്കേണ്ട യാതൊരു ബാധ്യതയും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കില്ല. ജാതി – മത – വര്‍ഗ്ഗീയ കൂട്ടുകെട്ടുകളെ, ചെറുത്തു തോല്‍പ്പിച്ച ചരിത്രമാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. അത്, തിലോത്തമന് അറിയില്ലങ്കില്‍ സി.പി.ഐ നേതാക്കള്‍ തന്നെ പറഞ്ഞു കൊടുക്കണം. കുട്ടനാട്ടില്‍ തോമസ് കെ.തോമസിനെ മത്സരിപ്പിക്കുന്നതിനെയും വെള്ളാപ്പള്ളി ഇപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ട്. കുട്ടനാട് ആരുടെയും കുടുംബ സ്വത്തല്ലെന്നും തോമസ് ചാണ്ടിയുടെ അനിയന് എന്തു യോഗ്യതയാണ് ഉളളതെന്നുമാണ് വെള്ളാപ്പള്ളി ചോദിച്ചിരിക്കുന്നത്. ഇതു പറയാന്‍ എന്തു യോഗ്യതയാണ് വെള്ളാപ്പള്ളിക്കുള്ളതെന്നാണ് തിരിച്ചും ചോദിക്കാനുള്ളത്.

വെള്ളാപ്പള്ളിയുടെ അവസരവാദ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല ശ്രീ നാരായണീയര്‍. അവരെ അതിനു കിട്ടുകയുമില്ല. സ്വന്തം സമുദായത്തില്‍ പോലും വളരെ ചെറിയ വിഭാഗത്തിന്റെ പിന്തുണ മാത്രമേ നിലവില്‍ വെള്ളാപ്പള്ളിക്കൊള്ളൂ. സിപിഎം, കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നതാണ്, വെള്ളാപ്പള്ളിയുടെ മറ്റൊരു ആവശ്യം. സമുദായ നേതാക്കളുടെ താല്‍പ്പര്യത്തിനു അനുസരിച്ച്, സീറ്റു വിഭജനം നടത്തുന്ന മുന്നണിയല്ല ഇടതുപക്ഷമെന്ന കാര്യവും വെള്ളാപ്പള്ളി ഇപ്പോള്‍ മറന്നു പോയിട്ടുണ്ട്. കരുത്ത് മാത്രം നോക്കിയാണ് സീറ്റു വിഭജനം നടത്തുന്നതെങ്കില്‍ കുട്ടനാട്ടില്‍ മാത്രമല്ല സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സി.പി.എം തന്നെയാണ് മത്സരിക്കുക.

എന്നാല്‍, ഇവിടെ മുന്നണി മര്യാദയാണ് സി.പി.എം പരിഗണിക്കുന്നത്. അതുകൊണ്ടാണ്, ഒരു സ്വാധീനവും ഇല്ലാത്ത പാര്‍ട്ടികള്‍ക്കു പോലും സീറ്റുകളും നല്‍കേണ്ടി വരുന്നത്. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ കുടുംബത്തിന് സീറ്റ് നല്‍കരുതെന്ന വാശിയാണ് വെള്ളാപ്പള്ളിയെ നയിക്കുന്നത്. ചേര്‍ത്തലയിലാകട്ടെ തന്റെ ഇഷ്ടക്കാരനായ തിലോത്തമന് സീറ്റ് നഷ്ടപ്പെടരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. രണ്ടു നിലപാടുകള്‍ക്കു പിന്നിലും വെള്ളാപ്പള്ളിയുടെ വ്യക്തി താല്‍പ്പര്യം മാത്രമാണുള്ളത് അക്കാര്യം വ്യക്തവുമാണ്. എസ്.എന്‍.ഡി.പി യോഗത്തില്‍ കുടുംബ വാഴ്ച നടപ്പാക്കിയ സമുദായ നേതാവാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമെല്ലാം യോഗം ഭാരവാഹികളുമാണ്.

യഥാര്‍ത്ഥത്തില്‍ കുടുംബ വാഴ്ച നടക്കുന്നതിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളിലല്ല എസ്.എന്‍.ഡി.പി യോഗത്തിലാണ്. ഇക്കാര്യം, മുന്‍യോഗം ഭാരവാഹികള്‍ തന്നെ പലതവണ തുറന്നു പറഞ്ഞിട്ടുമുണ്ട്. കാല്‍ നൂറ്റാണ്ടോളമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളിയാണ് ആദ്യം ആ സ്ഥാനത്ത് നിന്നും മാറി മാതൃക കാട്ടേണ്ടത്. അതല്ലാതെ, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കരുത്. ഇനി വെള്ളാപ്പള്ളി നടേശന് നിര്‍ബന്ധമാണെങ്കില്‍ സ്വന്തം മകന്‍ നയിക്കുന്ന ബി.ഡി.ജെ.എസിലാണ് ഇടപെടേണ്ടത്. അതിനു അദ്ദേഹത്തിന് അവകാശവുമുണ്ട്.

കാരണം, ഈ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയതു തന്നെ വെള്ളാപ്പള്ളി നടേശനാണ്. ബി.ജെ.പി പാളയത്തില്‍ കൊണ്ടുപോയി ബി.ഡി.ജെ.എസിനെ കെട്ടിയതും വെള്ളാപ്പള്ളി തന്നെയാണ്. ഈ പാര്‍ട്ടിയും ഇപ്പോള്‍ പിളര്‍ന്ന് രണ്ട് കഷ്ണമായിട്ടുണ്ട്. ഇതൊക്കെയാണ് കണിച്ചികുളങ്ങരയിലെ നിലവിലെ അവസ്ഥ. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും കാര്യങ്ങള്‍ നേടിയിരുന്നത്. അടൂര്‍ പ്രകാശിനെ റവന്യൂ മന്ത്രി ആക്കിയതിനു പിന്നിലും, വെള്ളാപ്പള്ളിയുടെ സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാന്‍ കലഹിച്ചതാകട്ടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരായിരുന്നു.

പിണറായി അധികാരമേറ്റതോടെയാണ് ഈ ഇടപെടലുകള്‍ക്കെലാം അറുതിയായിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം മാളത്തിലൊളിച്ചവരാണിപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ പതുക്കെ തലപ്പൊക്കി തുടങ്ങിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ നീക്കങ്ങളും അതിന്റെ ഭാഗമാണ്. ഇതിനെല്ലാം ചുട്ട മറുപടി നല്‍കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. അവര്‍ ആ കടമ നിര്‍വ്വഹിക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Top