Vellappally is the recruiting agent for sanghparivar;sudheeran

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിലേക്ക് ആളെ കൂട്ടുന്നതിനുള്ള റിക്രൂട്ടിംഗ് ഏജന്റായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട വളര്‍ത്താനുള്ള നരേന്ദ്ര മോദി-അമിത് ഷാ കമ്പനിയുടെ ചുമതല വെള്ളാപ്പള്ളി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

സംഘപരിവാറിന്റെ നയങ്ങള്‍ കേരളത്തില്‍ വളര്‍ത്താനുള്ള ശ്രമങ്ങളെ ജനങ്ങള്‍ പിന്തുണയ്ക്കില്ല. ആര്‍.എസ്.എസിനോട് കൂട്ടുകൂടുന്ന വെള്ളാപ്പള്ളിക്ക് ഉള്ളതുകൂടി ഇല്ലാതാവുന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.

നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ കുടുംബത്തോടും കേരളജനതയോടും മാപ്പു പറയുകയാണ് വേണ്ടത്. വര്‍ഗീയ വത്കരണ നിലപാടുകള്‍ തുടരുന്ന വെള്ളാപ്പള്ളി, ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ്. എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഫലിക്കാന്‍ പോവുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം നടത്താനുള്ള നീക്കത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് സമരത്തിനിറങ്ങുന്നത് നല്ലതല്ലെന്നും സുധീരന്‍ പറഞ്ഞു. സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ യു.ഡി.എഫിലെ ഗൂഢാലോചനയാണെന്ന് കരുതുന്നില്ല. മുന്നണി വിട്ടുപോയ ആരെങ്കിലുമാണോ ആരോപണത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top