Vellappally is an extreme religious fundamentalist

തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ ആര്‍എസ്എസിന്റെ യൂണിഫോമായ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടുമാവും വെള്ളാപ്പള്ളിക്കെന്ന വി.എസ് അച്യുതാനന്ദന്റെ വാക്ക് അറംപറ്റി!

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജാഥ മധ്യകേരളത്തിലെത്തിയപ്പോള്‍ തന്നെ സംഘ്പരിവാറിനേക്കാള്‍ വലിയ തീവ്രമുഖമായി മാറിയിരിക്കുകയാണ് വെള്ളാപ്പള്ളി ഇപ്പോള്‍.

nn

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുമ്പ് മാതൃകാപരമായ ഇടപെടല്‍ നടത്തിയിട്ടുള്ള ‘യഥാര്‍ത്ഥ’ ആര്‍എസ്എസ് കാര്‍ക്കുപോലും ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനായി സ്വയം ജീവന്‍ ബലിയര്‍പ്പിച്ച നൗഷാദിന്റെ ധീരരക്തസാക്ഷിത്വത്തെ അപമാനിക്കാന്‍ കഴിയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ മത-ജാതി ചിന്തകള്‍ തലയ്ക്കുപിടിച്ച വെള്ളാപ്പള്ളി ഈ ഹിന്ദുത്വവാദികളെ കടത്തിവെട്ടിയാണ് മരണപ്പെട്ടവനെപ്പോലും ഇപ്പോള്‍ അപമാനിച്ചിരിക്കുന്നത്.

തനിക്കൊരു മുന്‍പരിചയം പോലുമില്ലാതിരുന്ന രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ മരണക്കയത്തിലേക്ക് എടുത്തു ചാടിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്ലീമായതുകൊണ്ടാണെന്നും മുസ്ലീമായി മരിക്കാന്‍ കൊതിയാകുന്നുവെന്നുമാണ് വെള്ളാപ്പള്ളി കൊച്ചിയിലെ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചിരുന്നത്.

അത്യന്തം പ്രകോപനപരമായ ഈ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഇപ്പോള്‍ അലയടിക്കുന്നത്.

ജാതി-മത ഭേദമന്യേ ഉയര്‍ന്ന പ്രതിഷേധത്തിനിടയിലും താന്‍ പറഞ്ഞ നിലപാടിലുറച്ച് ധിക്കാരത്തോടെ നില്‍ക്കുകയാണ് വെള്ളാപ്പള്ളി.

സംസ്ഥാനത്തെ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ പോലും പറയാതിരുന്ന കാര്യമാണ് വെള്ളാപ്പള്ളി ആയുധമാക്കിയത്. അതും സാംസ്‌കാരിക കേരളം ആ യുവാവിന്റെ രക്തസാക്ഷിത്വം ആദരിക്കുന്ന ഘട്ടത്തില്‍ തന്നെയെന്നതും ശ്രദ്ധേയമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ബലത്തില്‍ ശക്തിപ്രകടിപ്പിക്കാനൊരുങ്ങുന്ന വെള്ളാപ്പള്ളിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ നേട്ടത്തിന്റെ പോലും ക്രെഡിറ്റ് ലഭിക്കാതിരുന്നത് തിരിച്ചടിയായിരുന്നു.

എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലം ജില്ല ഇടതുമുന്നണി തൂത്തുവാരിയതും സ്വന്തം വീട് നില്‍ക്കുന്ന വെള്ളാപ്പള്ളി വാര്‍ഡില്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഴുവന്‍ ശക്തിയെടുത്ത് ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടും തോറ്റമ്പിയതും വെള്ളാപ്പള്ളിക്ക് തിരിച്ചടിയായിരുന്നു.

തനിക്കെതിരെയും മകനെതിരെയും ഉയര്‍ന്ന മൈക്രോഫിനാന്‍സ് അഴിമതി, എസ്.എന്‍ ട്രസ്റ്റിലെ നിയമനങ്ങളിലെ അഴിമതി, സ്വാമി ശാശ്വതീകാനന്ദയുടെ മരണം തുടങ്ങിയവ വി.എസിന്റെയും പിണറായിയുടെയും നേതൃത്വത്തില്‍ സിപിഎം ആയുധമാക്കിയതാണ് തദ്ദേശത്തില്‍ അടിപതറാന്‍ കാരണമെന്ന വിലയിരുത്തലിലാണ് വെള്ളാപ്പള്ളി. ഇടതുമുന്നണിയുടെ മുന്നേറ്റത്തിന് വഴി ഒരുക്കിയ ഈ ‘സാഹചര്യം’ മറികടക്കാന്‍ മതവികാരം തന്നെയാണ് ഒറ്റമൂലിയെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ ആക്രമണം.

ഹിന്ദു ഏകീകരണമെന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍ഗോഡ് നിന്ന് ആരംഭിച്ച സമത്വ മുന്നേറ്റയാത്ര മധ്യകേരളത്തിലെത്തിയിട്ടും പ്രതീക്ഷിച്ച മുന്നേറ്റമാവാത്തതിനാലാണ് വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി രംഗത്തുവരാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്.

index

മരണപ്പെട്ട നൗഷാദിനെ എടുത്തുകാട്ടി വിവാദ പരാമര്‍ശം നടത്തിയത് മത ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം വിളിച്ചുവരുത്തുന്നതാണെന്നും സംഘര്‍ഷമുണ്ടാക്കി ഹിന്ദുമതവികാരം ഉണര്‍ത്താനാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നതെന്നുമാണ് ഉയര്‍ന്നുവരുന്ന ആരോപണം.

വെള്ളാപ്പള്ളിയുടെ ഉദ്ദേശ്യം എന്തായാലും വിവാദ പരാമര്‍ശം കേരളത്തില്‍ വലിയ പ്രത്യാഘാതത്തിന് തന്നെ ഇതിനകം ഇടയാക്കിയിട്ടുണ്ട്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് പരാമര്‍ശത്തിനെതിരെ ഇതിനകം തന്നെ ഉയര്‍ന്നിരിക്കുന്നത്.

സംഘ്പരിവാര്‍ നേതൃത്വം കൊടുക്കുന്ന ജാഥയാണ് സമത്വമുന്നേറ്റ യാത്രയെന്നും തലസ്ഥാനത്ത് എത്തുമ്പോള്‍ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടുമാവും വെള്ളാപ്പള്ളിയുടെ വേഷമെന്നും പറഞ്ഞ വി.എസിന്റെ ‘ഉള്‍ക്കാഴ്ച’ ഓര്‍ത്ത് രാഷ്ട്രീയ നിരീക്ഷകരും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അന്തംവിട്ടുനില്‍ക്കുകയാണ്.

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വെള്ളാപ്പള്ളിയുടെ ജാഥയ്ക്കുള്ള സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും കാര്യങ്ങള്‍ ഗൗരവമായാണ് വീക്ഷിക്കുന്നത്. സമാപന പൊതുയോഗം നടക്കുന്ന തലസ്ഥാനത്ത് സമീപ ജില്ലകളിലെ പോലീസിനെയും സുരക്ഷയ്ക്കായി നിയോഗിക്കും.

Top