Vellappally how to face microfinance scam? he tries to pressure in state government

ആലപ്പുഴ : സമുദായ ശക്തി ഉണര്‍ത്തി പിണറായി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ വെള്ളാപ്പള്ളി നടേശന്റെ പാഴ്ശ്രമം.

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ തീരുമാനിച്ച വിജിലന്‍സിനെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എസ്എന്‍ഡിപി യോഗം വിശാലമായ സംയുക്ത യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

മൈക്രോഫിനാന്‍സ് പദ്ധതിയെ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരായ സാമുദായിക അംഗങ്ങള്‍ക്ക് നിഷേധിക്കുക എന്ന ദുരുദ്ദേശത്തില്‍ ഈ പദ്ധതി തന്നെ അട്ടിമറിക്കാനാണ് തനിക്കെതിരായ നീക്കമെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.

സംസ്ഥാനത്തെ മുഴുവന്‍ യൂണിയനുകളിലെയും പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെയാണ് അടിയന്തിര യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ പ്രിന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് യോഗം. ഇതിന് മുന്നോടിയായി കൗണ്‍സിലിന്റെ യോഗം വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

എസ്എന്‍ഡിപി യോഗത്തിന്റെ ശക്തി കാട്ടി പേടിപ്പിച്ച് നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെടാമെന്നുള്ള വ്യാമോഹമാണ് വെള്ളാപ്പള്ളി പയറ്റുന്നതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, വെള്ളാപ്പള്ളിക്കെതിരായ നടപടിയുമായി മുന്നോട്ട് പോവുന്ന വിജിലന്‍സിന് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയ സർക്കാർ ഭീഷണി വിലപ്പോവില്ലെന്ന നിലപാടിലാണ്.

എന്ത് നടപടി സ്വീകരിക്കാനും വിജിലന്‍സിന് അവകാശമുണ്ടെന്നും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടതില്ലന്നുമാണ് സര്‍ക്കാര്‍ തീരുമാനം.

സിപിഎം നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാരിനെതിരെയുള്ള യോഗം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മാത്രമാണെന്നും പരാതിക്കാരനായ വിഎസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അതല്ലെന്ന് വ്യക്തമാണ്.

ഉമ്മന്‍ചാണ്ടിയല്ല പിണറായിയാണ് മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി മനസിലാക്കുന്നത് നല്ലതാണെന്നാണ് സിപിഎം നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

‘ആന കുരുടനെ കണ്ടത് പോലെ’യെന്ന് പിണറായിയെ മുന്‍പ് കളിയാക്കിയ വെള്ളാപ്പള്ളിക്ക് തന്നെ ഇപ്പോള്‍ ‘ആ അവസ്ഥ’ വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ മൈക്രോഫിനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളില്‍ നേരത്തെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ശനിയാഴ്ചയിലെ യോഗത്തില്‍ ആരെങ്കിലും നേതൃത്വത്തിനെതിരെ തിരിയുമോ എന്ന കാര്യത്തില്‍ യോഗനേതൃത്വത്തില്‍ തന്നെ ആശങ്കയുയര്‍ന്നിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ, സംഘര്‍ഷമോ ഉണ്ടായാല്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ തന്നെ കേസെടുത്ത് നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

മുന്‍പ് ഭരണകൂടത്തിന്റെ കൂടി തണലിലായിരുന്നു എതിര്‍ ശബ്ദങ്ങള്‍ എസ്എന്‍ഡിപി യോഗ നേതൃത്വം അടിച്ചമര്‍ത്തിയിരുന്നത്.

പൊലീസിന്റെ സഹായവും സംരക്ഷണവും അക്കാലങ്ങളില്‍ വെള്ളാപ്പള്ളിക്കും സംഘത്തിനും ലഭിച്ചിരുന്നു.

മാറിയ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗ നേതൃസ്ഥാനത്ത് നിന്ന് തെറിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം നേതൃത്വം ശക്തമായ നീക്കങ്ങളാണ് വിമതരെ മുന്‍ നിര്‍ത്തി ഇപ്പോള്‍ നടത്തി വരുന്നത്.

ഈ അപകടം മുന്നില്‍ കണ്ട് കാലാവധി കഴിഞ്ഞ പല യൂണിയനുകളിലും തിരഞ്ഞെടുപ്പ് നടത്താതെ പ്രവര്‍ത്തന കാലാവധി നീട്ടി നല്‍കുകയാണ് വെള്ളാപ്പള്ളി ചെയ്തത്.

ഇപ്പോള്‍ യോഗത്തിലെത്തുന്നവരില്‍ ഭൂരിപക്ഷവും വെള്ളാപ്പള്ളി വിധേയനാണെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രതിഷേധമുണ്ടാകുമോ എന്ന ആശങ്ക നേതൃത്വത്തില്‍ പ്രകടമാണ്.

ഇതിനിടെ മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി കുരുങ്ങുമെന്ന് ഉറപ്പായതോടെ എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ വിള്ളലുണ്ടാക്കി വിമതരെ മുന്‍നിര്‍ത്തി അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായിട്ടുണ്ട്.

താഴെ തട്ടുമുതല്‍ യൂണിന്‍ ഭരണം പിടിക്കാന്‍ ഇടപെടല്‍ നടത്താന്‍ സിപിഎം നേതൃത്വമാണ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ കൂടെയുള്ളവരില്‍ ഒരുവിഭാഗത്തെ അടര്‍ത്തി മാറ്റാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ബിജെപി-വെള്ളാപ്പള്ളി കൂട്ട്‌കെട്ടിനെതിരെ വലിയ വിഭാഗത്തെ കൂടെ നിര്‍ത്താനാണ് നീക്കം.

വെള്ളാപ്പള്ളിയുടെ ‘ കാലം’ കഴിയുമെന്ന് വ്യക്തമായാല്‍ കൂട്ടത്തോടെ വിമതപക്ഷത്തേക്ക് ഒഴുക്കുണ്ടാവുമെന്നാണ് സിപിഎമ്മിന്റെ കണക്ക്കൂട്ടല്‍. വെള്ളാപ്പള്ളിക്ക് പകരം തുഷാര്‍ വെള്ളാപ്പള്ളിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശവും ഇതിനകം പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

Top