Vellappally hoping help in Kuttanad from Ommen chandy

തിരുവനന്തപുരം: ബിജെപി ശക്തമായി പോരാട്ടം നടത്തുന്ന മണ്ഡലങ്ങളില്‍ യുഡിഎഫുമായുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം തന്ത്രപരം.

കാസര്‍കോഡ്, മഞ്ചേശ്വരം,കുട്ടനാട് മണ്ഡലങ്ങളെ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെങ്കിലും സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കാനാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രി ബിജെപിയുമായുള്ള നേരിട്ടുള്ള ഏറ്റമുട്ടലാണ് നടക്കുന്നതെന്ന് പറഞ്ഞതിനാലാണ് ബിജെപിയുടെ വോട്ട് വര്‍ദ്ധനക്ക് കാരണമായതെന്ന് മുന്‍പ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

മുന്‍ കാലങ്ങളില്‍ ബിജെപിക്ക് ലഭിക്കാത്ത വോട്ടുകള്‍ ഇത്തവണ അവരുടെ ശക്തമായ സാന്നിധ്യത്തിന്റെ സാഹചര്യത്തില്‍ ലഭിക്കുമെന്ന് മനോരമ ചാനലിന്റെ ‘ഉമ്മന്‍ ചാണ്ടിക്കൊപ്പം’പരിപാടിയിലും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്ക, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയിലുള്ള പ്രതിഷേധം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് കണ്ട് തിരഞ്ഞെടുപ്പ് ‘അജണ്ട’ തന്നെ മാറ്റി പ്രചരണ രംഗം ‘തീ’ പിടിപ്പിക്കാനാണ് ബ്രഹ്മാസ്ത്രം മുഖ്യമന്ത്രി പ്രയോഗിച്ചതെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയനിരീക്ഷകര്‍.

ഇടതുമുന്നണിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു വിഭാഗം വോട്ടുകള്‍ ഭിന്നിപ്പിക്കാനും ന്യൂനപക്ഷ വോട്ടുകള്‍ വന്‍ തോതില്‍ ആകര്‍ഷിക്കാനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

ഇടത് വോട്ടുബാങ്കായ പിന്നോക്ക വിഭാഗത്തിലെ ഒരു പങ്ക് ബിഡിജെഎസിന്റെ കൂടി സാന്നിധ്യമുള്ളതിനാല്‍ ബിജെപി മുന്നണിയിലേക്ക് പോവുമെന്നും ന്യൂനപക്ഷങ്ങള്‍ സംഘടിതമായി യുഡിഎഫിന് വോട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രിയുടെ കണക്ക്കൂട്ടലത്രെ.

ബിജെപിയുമായാണ് പ്രധാനമണ്ഡലങ്ങളില്‍ മത്സരമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതിനാല്‍ അതിന്റെ ഗൗരവവും വാര്‍ത്താ പ്രാധാന്യവും വര്‍ദ്ധിക്കുന്നതാണ്. ആത്യന്തികമായി ഉമ്മന്‍ ചാണ്ടി ലക്ഷ്യമിട്ട ചര്‍ച്ച തന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടെന്ന് ആരോപിച്ച് ഇടതുപക്ഷം ശക്തമായ കാമ്പയിന്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കരുനീക്കമെന്നതും ശ്രദ്ധേയമാണ്.

ബിജെപിയുമായുള്ള യുഡിഎഫ് ധാരണക്ക് വെള്ളാപ്പള്ളിയാണ് ഇടനിലക്കാരനെന്ന സിപിഎമ്മിന്റെ ആരോപണവും ഈ ഒരു സാഹചര്യത്തില്‍ പ്രസക്തമാണ്.

സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന ബിജെപി-ആര്‍എസ്എസ് വിഭാഗങ്ങള്‍ക്ക് വെള്ളാപ്പള്ളിയുടെ ‘ഇടനില’ ആവശ്യമില്ലെങ്കിലും ഇക്കാര്യം പറഞ്ഞ് കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന് കോണ്‍ഗ്രസിന്റെ വോട്ട് മറിക്കാനാണത്രെ വെള്ളാപ്പള്ളിയുടെ നീക്കം.

ഇവിടെ ഇടതുമുന്നണി സിറ്റിംങ് എംഎല്‍എയും എന്‍സിപി നേതാവുമായ ചാണ്ടിയുടെ ‘വിടുവായത്തം’ മൂലം ജനങ്ങള്‍ക്കിടയിലുള്ള പ്രതിഷേധവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കേരള കോണ്‍ഗ്രസിലെ ജേക്കബ് എബ്രഹാമിന് ശക്തനായ റിബല്‍ ഉള്ളതും സുഭാഷ് വാസുവിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് വെള്ളാപ്പള്ളിയുടെ കണക്ക്കൂട്ടല്‍.

കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ‘ എ’ വിഭാഗത്തിലെ വോട്ടുകള്‍ കൂടി സുഭാഷ് വാസുവിന് ലഭിച്ചാല്‍ വിജയം സുനിശ്ചിതമാകുമെന്ന് കണ്ട് അണിയറയില്‍ ചില ‘രഹസ്യധാരണകള്‍’ ഉരുത്തിരിഞ്ഞതായാണ് പറയപ്പെടുന്നത്.

ബിഡിജെഎസ് സംസ്ഥാന ഭാരവാഹി കൂടിയായ സുഭാഷ് വാസു പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ മാത്രമല്ല വെള്ളാപ്പള്ളിയുടെ നിലനില്‍പ്പ് പോലും പരുങ്ങലിലാക്കും. ഇത് തിരിച്ചറിഞ്ഞാണ് മറുതന്ത്രം പയറ്റുന്നത്.

ബിജെപിയുടെ ‘ശക്തി’ തുറന്നു കാട്ടിയ മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന കുട്ടനാട്ടിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

Top