Vellappally aimed king maker in kerala politics

തിരുവനന്തപുരം: വെള്ളാപ്പള്ളി കേരള രാഷ്ട്രീയത്തില്‍ ലക്ഷ്യമിടുന്നത് കിംങ് മേക്കര്‍ പദവി. തലസ്ഥാനത്തെ ജനസാഗരമാക്കി നടത്തിയ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത വെള്ളാപ്പള്ളി നടേശന്‍, പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനയാണ് ഇനി കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്ന് പ്രഖ്യാപിച്ചത് വ്യക്തമായ ‘അജണ്ടയുടെ’ പശ്ചാത്തലത്തിലാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ബിജെപി സഖ്യത്തില്‍ മത്സരിച്ച് ഭാരത് ധര്‍മ്മജന സേനക്ക് മാത്രമായി ഏതാനും എംഎല്‍എമാരെ വിജയിപ്പിക്കാനായാല്‍ തൂക്കുമന്ത്രിസഭ വന്നാല്‍ വിലപേശല്‍ നടത്താമെന്നതാണ് വെള്ളാപ്പള്ളിയുടെ തന്ത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

വാശിയേറിയ ത്രികോണ മത്സരത്തില്‍ വിജയപരാജയം മുന്നണികളെ സംബന്ധിച്ച് 50-50 ചാന്‍സ് ആയത് ഭാരത് ധര്‍മ്മ ജനസേനക്ക് സീറ്റുകള്‍ ലഭിച്ചാല്‍ വെള്ളാപ്പള്ളിയുടെ നിലപാട് മുന്നണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാക്കുന്നതാണ്.

ഇങ്ങനെയായാല്‍ കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ കൈയിലേക്ക് നീങ്ങുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു ഭരണ സംവിധാനത്തെയായിരിക്കും സംഘ്പരിവാറും ആഗ്രഹിക്കുക.

ഒറ്റയടിക്ക് കേരളം പിടിച്ചെടുക്കാമെന്ന വ്യാമോഹമില്ലെങ്കിലും തങ്ങളോട് അയിത്തം തുടരുന്ന വിഭാഗത്തെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി അടുപ്പിച്ച് നേട്ടമുണ്ടാക്കാന്‍ പറ്റുമോയെന്നാണ് സംഘ്പരിവാര്‍ നേതൃത്വം നോക്കുന്നത്.

വെള്ളാപ്പള്ളിയെ പ്രകോപിപ്പിക്കുന്ന നടപടിയൊന്നും ഉണ്ടാകരുതെന്ന കര്‍ക്കശ നിര്‍ദ്ദേശം ബിജെപി സംസ്ഥാന നേതൃത്വത്തിനും സംഘ്പരിവാര്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയ അസംബ്ലി മണ്ഡലങ്ങളില്‍ ചിലത് നല്‍കമെന്ന ആവശ്യം വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ആര്‍എസ്എസ് നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

മികച്ച നേട്ടം കൊയ്യുക എന്നതോടൊപ്പം വിരല്‍ തുമ്പില്‍ നിയന്ത്രിക്കാന്‍ പറ്റുന്ന ഒരു ഭരണ കൂടത്തെ സംസ്ഥാനത്ത് അധികാരത്തില്‍ കൊണ്ടുവരിക എന്നതും സംഘ്പരിവാറിന്റെ അജണ്ടയാണ്. പ്രത്യക്ഷത്തില്‍ ബിജെപി പിന്തുണക്കില്ലെങ്കിലും വെള്ളാപ്പള്ളി വഴി കടിഞ്ഞാണ്‍ കൈക്കലാക്കാമെന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ ബിജെപിയുമായോ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായോ ഒരു സഖ്യത്തിനും, പിന്തുണ തേടി സര്‍ക്കാരുണ്ടാക്കാനും ഇടതുപക്ഷം തയ്യാറല്ലെന്ന് സിപിഎം നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വമാകട്ടെ ബിജെപിയുമായി കൂട്ടുകൂടുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ സഹായം തേടില്ലെന്ന കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് തൂക്ക് സഭ വന്നാല്‍ ഉപോഗപ്പെടുത്താനാണെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കും ബിജെപിക്കും സംസ്ഥാനത്ത് ഒറ്റ സീറ്റ് പോലും ലഭിക്കാതിരിക്കുന്നതിനാവശ്യമായ ചില രാഷ്ട്രീയസാമുദായിക നീക്കുപോക്കുകള്‍ക്ക് സിപിഎം തയ്യാറാകുമെന്ന അഭ്യൂഹം രാഷ്ട്രീയ മേഖലയില്‍ ഇപ്പോള്‍ ശക്തമാണ്.

ഇതിനനുസരിച്ച സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമായിരിക്കും ഇടതുമുന്നണി ബിജെപി ശക്തികേന്ദ്രങ്ങളില്‍ നടത്തുകയെന്നാണ് അറിയുന്നത്.

സിപിഎം സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍ ചില മണ്ഡലങ്ങളില്‍ യുഡിഎഫിനെ ബിജെപി സഹായിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ നീക്കം.

Top