ജലീലിനും മേഴ്‌സിക്കുട്ടിയമ്മക്കും ഷോക്ക് ട്രീറ്റ്‌മെന്റ്; സന്തോഷമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കെടി ജലീലിനുമൊപ്പം എന്‍എസ്എസിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മേഴ്‌സിക്കുട്ടി അമ്മയ്ക്കും ജലീലും ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അപ്രതീക്ഷിത വിജയമുണ്ടാക്കി. വിവാദങ്ങളുടെ ചുഴിയില്‍ പെട്ട് സര്‍ക്കാര്‍ തവിടുപൊടി ആകുമെന്നെല്ലാവരും പ്രതീക്ഷിച്ചെങ്കിലും ജനം കൈവിട്ടില്ല.

പുതുമുഖ സ്ഥാനാര്‍ത്ഥികളായതിനാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ മാറ്റം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വടി കുത്തി നടക്കുമ്പോഴും അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന നേതാക്കന്മാര്‍ക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഇടത് പക്ഷത്തിന്റെ വിജയമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി അര്‍ഹതപ്പെട്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മേഴ്‌സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂര്‍ഷ്വാ സ്വഭാവം. എസ്എന്‍ഡിപിയെയും എസ്എന്‍ ട്രിസ്‌റിനെയും തള്ളിപ്പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും തിരുത്തിയാല്‍ അവര്‍ക്ക് നല്ലതാണ്.

മന്ത്രി കെടി ജലീന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച വെള്ളാപ്പള്ളി കോണ്‍ഗ്രസിന്റെ അധപതനത്തില്‍ വിഷമമുണ്ടെന്നും പറഞ്ഞു. ആലപ്പുഴ ജില്ലാ നേതൃത്വം ഉള്ളപ്പെടെ തന്നെ വേദനിപ്പിച്ചവരാണ്. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പോലും വീട്ടില്‍ കയറ്റില്ല. കേരളത്തില്‍ ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി അവര്‍ മാറിയെങ്കില്‍ നയത്തിന്റെ പ്രശ്‌നമാണ്.

കരഞ്ഞ് ജയിച്ച ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്. പിണറായിയെ സവര്‍ണ്ണ നേതൃത്വം ആക്രമിച്ചു. എന്‍എസ്എസിന് സാമുദായിക സമവരണമടക്കം ഇടത് പക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങള്‍ കൊടുത്തു. എന്നിട്ടും എന്‍എസ് എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തി.

മന്നം സമാധി അവധിദിനമായി പ്രഖ്യാപിക്കാത്തത് അവരുടെ എതിര്‍പ്പ്. മതനേതാക്കള്‍ പറഞ്ഞത് അനുയായികള്‍ കേട്ടില്ലെന്നതാണ് ചങ്ങനാശ്ശേരിയും മലപ്പുറവും കാണിക്കുന്നത്. ഇടതു പക്ഷത്ത് നിന്നാണ് കൂടുതല്‍ പിന്നോക്കക്കാര്‍ ജയിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

Top