ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന് വെള്ളാപ്പിള്ളി; കൂടിക്കാഴ്ചയെ കുറിച്ച് പി രാജിവ്

ആലപ്പുഴ: ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നാണ്, നവകേരള സദസിന്റെ പ്രഭാത പരിപാടിയില്‍ പങ്കെടുത്ത് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതെന്ന് പി രാജീവ്. നവകേരള സദസ്സ് വളരെ നവീനമായൊരു ആശയമാണെന്ന് പറഞ്ഞ ശേഷമാണ് ഇടതുമുന്നണിയുടെ ഭരണ തുടര്‍ച്ചയെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതെന്ന് മന്ത്രി രാജീവ് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നിന്നാല്‍ ജനങ്ങളൊപ്പമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളിയെ പോലുള്ള വ്യക്തിത്വങ്ങളുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി രാജീവിന്റെ കുറിപ്പ്

കലാ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് ഇന്നത്തെ പ്രഭാത പരിപാടിയില്‍ പങ്കെടുത്തത്. പുല്ലാങ്കുഴല്‍ വിദഗ്ധനായ രാജേഷ് ചേര്‍ത്തലയും പ്രശസ്ത നടന്‍ അനൂപ് ചന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രീ. വെള്ളാപ്പള്ളി വളരെ വിശാലമായാണ് ഇന്നത്തെ പ്രഭാത പരിപാടിയില്‍ ആലപ്പുഴ ജില്ലയിലെ വിഷയങ്ങള്‍ അവതരിപ്പിച്ചത്. നവകേരള സദസ് വളരെ നവീനമായൊരു ആശയമാണെന്നും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന് ശേഷം അദ്ദേഹം പറഞ്ഞത് ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നാണ്. തൊട്ടടുത്ത വരി ഒന്നുകൂടി ശക്തമാക്കിക്കൊണ്ട് തുടര്‍ച്ചയുണ്ടാകണം എന്ന് അദ്ദേഹം സദസിനോട് തന്നെ പറയുകയും ചെയ്തു. സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നിന്നാല്‍ ജനങ്ങളൊപ്പമുണ്ടാകുമെന്നാണ് ശ്രീ. വെള്ളാപ്പള്ളിയെപ്പോലുള്ള പ്രധാന വ്യക്തിത്വങ്ങളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ആലപ്പുഴ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസുകള്‍ ചേരുന്നത്. രാവിലെ 11 മണിക്ക് ആലപ്പുഴ മണ്ഡലത്തിന്റെ സദസ് ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. അമ്പലപ്പുഴ മണ്ഡലത്തിന്റെ സദസ് ഉച്ചക്ക് മൂന്നു മണിക്ക് കപ്പക്കട ഗ്രൗണ്ടിലാണ് ചേരുന്നത്. വൈകുന്നേരം 4.30ന് കുട്ടനാട് മണ്ഡലത്തിന്റെ സദസ് നെടുമുടി ഐ.ഒ.സി പമ്പിന് സമീപവും ആറു മണിക്ക് ഹരിപ്പാട് മണ്ഡലത്തിന്റെ സദസ് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.

Top