Vellapally’s Samathwa munnetta yathra is under controlling of RSS

തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ മാറ്റി നിര്‍ത്തി ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര.

കണ്ണൂരിലെത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വമാണ് വെള്ളാപ്പള്ളിയുടെ യാത്രയുടെ പ്രധാന സംഘാടകര്‍.

യാത്രക്ക് ആശംസനേരാന്‍ കാസര്‍ഗോഡ് എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെ സമത്വമുന്നേറ്റയാത്രയുടെ വേദിയിലേക്കു ക്ഷണിച്ചില്ല. പകരം ആര്‍.എസ്.എസ് പ്രചാരകനും ഹിന്ദു ഐക്യവേദി സ്ഥാപകനേതാവുമായ കുമ്മനം രാജശേഖരനാണ് പ്രസംഗികനായത്.

സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ ആരെയും യാത്രയുമായി സഹകരിപ്പിക്കേണ്ടതില്ലെന്നാണ് ആര്‍.എസ്.എസ് തീരുമാനം. നേരത്തെ വെള്ളാപ്പള്ളിയുമായി സഖ്യത്തിനുള്ള നിര്‍ദ്ദേശം ആര്‍.എസ്.എസ് മുന്നോട്ടുവെച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതിനെ എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ ബി.ജെ.പി കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ശാസനയെതുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുമായി ബി.ജെ.പി സഖ്യത്തിന് തയ്യാറായത്.

വിശാല ഹിന്ദു ഐക്യമെന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് സമത്വമുന്നേറ്റ യാത്രയിലൂടെ വെള്ളാപ്പള്ളിയും മുന്നോട്ടുവയ്ക്കുന്നത്. യാത്രയുടെ അവകാശപത്രിക അടക്കം തയ്യാറാക്കിയത് ആര്‍.എസ്.എസാണ്.

കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ യാത്രാവഴിയില്‍ സംഘടിപ്പിക്കുന്ന 17 വന്‍ പൊതുയോഗങ്ങളിലും മുഖ്യപ്രാസംഗികര്‍ സംഘ്പരിവാര്‍ നേതാക്കളായിരിക്കും. ഉദ്ഘാടനവേദിയില്‍ കുമ്മനം രാജശേഖരന്‍, കണ്ണൂരിലെ ആര്‍.എസ്.എസിന്റെ തീപ്പൊരി നേതാവ് വത്സന്‍ തില്ലങ്കേരി മണ്ണാര്‍ക്കാട്ടും കേസരി പത്രാധിപര്‍ എന്‍.ആര്‍ മധു മലപ്പുറത്തും പ്രസംഗിക്കും. വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍, കെ.പി ശശികല ടീച്ചര്‍, പ്രഫ. വി.ടി രമ എന്നീ സംഘപരിവാര്‍ നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ പ്രാസംഗികരായുണ്ട്.

സംഘപരിവാറിന്റെ സൈദ്ധാന്തിക വിഭാഗമായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതാക്കളും സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കാനുണ്ടാവും. ഈഴവ സമൂഹത്തിന് മുന്നില്‍ ഹിന്ദു ഐക്യത്തിന്റെ പേരില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്നവരെയാണ് ആര്‍.എസ്.എസ് നിയോഗിച്ചിട്ടുള്ളത്. പരമാവധി പ്രവര്‍ത്തകരെ എത്തിച്ച് സ്വീകരണങ്ങള്‍ക്ക് കൊഴുപ്പോകാന്‍ ആര്‍.എസ്.എസ് പ്രചാരകരും രംഗത്തിറങ്ങിയിട്ടുണ്ട്.

Top