vellapally jam; 850 crore case hand over vegilence

തിരുവനന്തപുരം : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുരുക്ക് മുറുകുന്നു.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത 15 കോടിയിലെ തട്ടിപ്പ് മുന്‍നിര്‍ത്തി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെ മൈക്രോഫിനാന്‍സിന് വേണ്ടി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 850 കോടി രൂപയുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷണം ഉണ്ടാവും.

നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഈ തട്ടിപ്പ് സംഭവം വിജിലന്‍സിന് കൈമാറണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ ധര്‍മ്മവേദി നല്‍കിയ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ ഈ പരാതിയും വിജിലന്‍സിന് കൈമാറുമെന്നാണ് അറിയുന്നത്.

കൊല്ലം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കുന്ന പരാതിയില്‍ ഇതുവരെ കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്തിനാല്‍ നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് പരാതിക്കാര്‍ ചൂണ്ടികാട്ടിയിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ക്രൈം ബ്രാഞ്ചിന് പരാതി കൈമാറിയിരുന്നത്.

1903-ല്‍ സ്ഥാപിതമായ എസ്എന്‍ഡിപി യോഗം നോണ്‍ ട്രേഡിങ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമായതിനാല്‍ ഒരു വിധ സാമ്പത്തിക ഇടപാടുകളും നടത്താനോ ഇടനിലക്കാരനാവാനോ അധികാരമില്ലന്നിരിക്കെയാണ് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ വന്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.

വിവിധ ബാങ്കുകളില്‍ നിന്നായി 850 കോടി രൂപ വായ്പയെടുത്ത് എസ്എന്‍ഡിപി യോഗം തന്നെയാണ് മൈക്രോഫിനാന്‍സിനായി പണം ശാഖകള്‍ക്ക് വിതരണം ചെയ്യുന്ന നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്നത്.

ഇപ്പോള്‍ 15 കോടിയുടെ ഇടപാടില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ അടൂര്‍,കായംകുളം,പുല്‍പള്ളി തുടങ്ങിയ നിരവധി മേഖലകളില്‍ തട്ടിപ്പ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്താണ് പണമിടപാട് നടത്തിയതെന്ന് കണ്ടെത്തിയത് 850 കോടിയുടെ അന്വേഷണത്തിലും വഴിത്തിരിവാകും.

വെള്ളാപ്പള്ളിയുടെ അറിവോടുകൂടിയാണ് ഈ സംഘങ്ങള്‍ക്ക് മൈക്രോഫിനാന്‍സിന്റെ പേരില്‍ ഇടപാട് നടത്താന്‍ അവസരമുണ്ടായതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

നിയമപ്രകാരം ഒരു ലക്ഷത്തിന്റെ ഇടപാട് പോലും നടത്താന്‍ എസ്എന്‍ഡിപി യോഗത്തിന് അധികാരമില്ലന്നിരിക്കെയാണ് ഇത്രയും വലിയ ഇടപാട് നടന്നിരിക്കുന്നത്.

മറ്റ് സമുദായങ്ങളും ഇത്തരം ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നുമുള്ള വെള്ളാപ്പളളിയുടെ വാദവും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണ് .

എസ്എന്‍ഡിപി യോഗത്തെ പോലെ ഒരു നോണ്‍ ട്രേഡിംങ് കമ്പനി ആയല്ല എന്‍എസ്എസ് അടക്കമുള്ള മറ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.അവര്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണ്.

സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന നിരവധി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന എസ്എന്‍ ട്രസ്റ്റിന്റെ മാനേജര്‍ കൂടിയാണ് വെള്ളാപ്പള്ളി എന്നതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് നിലനില്‍ക്കുമെന്നാണ് നിയമ വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നത്.

ചെറിയ തുകക്ക് പലിശക്ക് പണം വായ്പയെടുത്ത് പലിശ വര്‍ദ്ധിപ്പിച്ച് സമുദായ അംഗങ്ങള്‍ക്ക് തന്നെ വിതരണം ചെയ്യുന്ന അധാര്‍മ്മികത ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഇതിന് പിന്നിലെ സാമ്പത്തിക തട്ടിപ്പും പുറത്ത് കൊണ്ട് വരണമെന്നാണ് വിഎസ് അച്യൂതാന്ദന്റെയും ശ്രീനാരായണ ധര്‍മ്മവേദിയുടെയും അവശ്യം.

അതേസമയം ക്രമ വിരുദ്ധമായി വായ്പ നല്‍കിയതിന് കുടുങ്ങുമെന്ന് കണ്ടാണ് ബാങ്ക് അധികൃതര്‍ പ്രതികരിക്കാതിരിക്കുന്നതെന്നാണ് സൂചന.എന്നാല്‍ അന്വേഷണം മുറുകുമ്പോള്‍ ബാങ്ക് മനേജര്‍ മാര്‍ അടക്കമുള്ളവരുടെ നിലയും പരുങ്ങലിലാവും

നല്‍കിയ പണത്തിന് തിരിച്ചടവും ജാമ്യ വസ്തുക്കളും മാത്രം നോക്കിയത് കൊണ്ട് കാര്യമില്ല അതിന് നിയമപരമായ സാങ്കേതിക വശങ്ങള്‍ കൂടി ഉത്തരവാദിത്വപ്പെട്ട ബാങ്ക് അധികൃതര്‍ നോക്കണമായിരുന്നുവെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കുടുങ്ങി അകത്തായ ഹൈദരാബാദിലെ പ്രമുഖ ഐ.ടി കമ്പനി ഉടമയുടെയും സഹാറ ഗ്രൂപ്പ് മേധാവിയുടെയും അവസ്ഥ തന്നെയാണോ വെള്ളാപ്പള്ളിയെയും കാത്തിരിക്കുന്നത് എന്നതാണ് രാഷ്ട്രീയ- നിയമ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

Top