തോൽപ്പിക്കാൻ ശ്രമിച്ചിട്ടും പാളി പോയി, എന്നിട്ടും പാഠം പഠിക്കാതെ വെള്ളാപ്പള്ളി !

രിഫ് വിജയിച്ചില്ലങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്കു പോകുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കേരളം ഇനി എഴുതി വയ്ക്കണം. കാരണം പറയുന്ന വാക്കിന് വിലയില്ലാത്ത നേതാവാണ് വെള്ളാപ്പള്ളി. പി.സി വിഷ്ണുനാഥ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും ജയിച്ചാല്‍ മീശ വടിക്കുമെന്ന് വീമ്പിളക്കിയ വെള്ളാപ്പള്ളി, വിഷ്ണുനാഥ് വിജയിച്ചപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് ചെയ്തത്. പിന്നീട് കെ.എസ്.യു പ്രവര്‍ത്തകര്‍ മീശ വടിക്കാനുള്ള ബ്ലേഡ് കണിച്ചുകുളങ്ങരയിലേക്ക് അയച്ചുകൊടുത്തെങ്കിലും സാഹസത്തിന് വെള്ളാപ്പള്ളിയാകട്ടെ മുതിര്‍ന്നതുമില്ല.

ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ വി.എം സുധീരനെ തോല്‍പ്പിക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തപ്പോഴും വന്‍ ഭൂരിപക്ഷത്തിനാണ് സുധീരന്‍ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വേണു ഗോപാല്‍ വിജയിച്ചതും വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് മറികടന്നാണ്. വേണു ഗോപാലിനെ എതിര്‍ക്കണമെന്ന വെള്ളാപ്പള്ളിയുടെ കല്‍പ്പന തള്ളിയ എസ്.എന്‍.ഡി.പി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കുന്ന സാഹചര്യവുമുണ്ടായി. പറവൂരില്‍ വി.ഡി.സതീശനെ പരാജയപ്പെടുത്താനും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തിരുന്നു. സ്വന്തം സമുദായ അംഗങ്ങള്‍ തന്നെ വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ക്ക് പുല്ലുവിലയെ കല്‍പ്പിക്കുന്നുള്ളു എന്നതിന്റെ ഉദാഹരണങ്ങളാണ് ഈ വിജയങ്ങള്‍.

ഇപ്പോള്‍ ആരിഫിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളി എടുത്ത ശപഥം യഥാര്‍ത്ഥത്തില്‍ ആരിഫിന് തന്നെ തിരിച്ചടിയാകാനുള്ള സാധ്യതയും കുടുതലാണ്.കാരണം ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന വെള്ളാപ്പള്ളിയുടെ ശപഥം ധിക്കാരമായി വോട്ടര്‍മാര്‍ കണ്ടാല്‍ പണി പാളും.പ്രബുദ്ധരായ വോട്ടര്‍മാരാണ് ആലപ്പുഴയില്‍ ഉള്ളത്, വെള്ളാപ്പള്ളിയുടെ ആഹ്വാനത്തെ മുന്‍പ് പല തവണ പുച്ഛിച്ച് തള്ളിയ പാരമ്പര്യവും ഈ മണ്ണിനുണ്ട്.ജനപ്രിയ എം.എല്‍.എ ആണ് ആരിഫ്, ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമുണ്ടാകില്ല. തര്‍ക്കമുണ്ടാകുക എം.എല്‍.എയെ എം.പിയാക്കി നാട് കടത്തണമോ എന്നതിലായിരിക്കും. ഒരു വെള്ളാപ്പള്ളിയുടെയും പിന്തുണ ഇല്ലാത്ത തെരഞ്ഞെടുപ്പിലും വിപ്ലവകാരികളുടെ ഈ മണ്ഡലത്തില്‍ ചെങ്കൊടി പാറിയിട്ടുണ്ട്.

വി.എം സുധീരനും കെ.സി വേണുഗോപാലിനും നല്ല ഭൂരിപക്ഷത്തില്‍ ഇവിടെ നിന്നും വിജയിക്കാന്‍ കഴിഞ്ഞതിന് പിന്നിലും വെള്ളാപ്പള്ളിയുടെ ‘നെഗറ്റീവ് ‘സംഭാവന ഒരിക്കലും തള്ളിക്കളയാന്‍ കഴിയുന്നതല്ല.പുന്നപ്രവയലാര്‍ സമരത്തിന്റെ ധീര സ്മരണകള്‍ ഉറങ്ങുന്ന ചുവപ്പ് മണ്ണില്‍ ഇത്തവണ അട്ടിമറി വിജയം ലക്ഷ്മിട്ട് തന്നെയാണ് ആരിഫിനെ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്.

വെള്ളാപ്പള്ളിയുടെ അപ്രതീക്ഷിത ശപഥം കേട്ട് ഏറ്റവും അധികം ഞെട്ടിയതും അതുകൊണ്ട് തന്നെ സി.പി.എം പ്രവര്‍ത്തകരാണ്. ചരിത്രം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണവര്‍.വനിതാ മതിലിന്റെ മുഖ്യ സംഘാടക തലപ്പത്ത് വെള്ളാപ്പള്ളിയെ അവരോധിച്ചതില്‍ കടുത്ത അതൃപ്തിയുള്ള സി.പി.എം അണികള്‍ക്ക് വെള്ളാപ്പള്ളിയുമായുള്ള സഹകരണത്തില്‍ ഇപ്പോഴും കടുത്ത വിയോജിപ്പാണ് ഉള്ളത്.

ജാതിക്കും മതത്തിനും മീതെ, മനുഷ്യ നന്‍മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രത്യേയ ശാസ്ത്രത്തിന് ഒരു ജാതി സംഘടനാ നേതാവിനെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ലന്നതാണ് കമ്യൂണിസ്റ്റുകളുടെ പൊതുവികാരം. ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടി ഉണ്ടാക്കി അതിനെ ബി.ജെ.പി പാളയത്തില്‍ കൊണ്ട് കെട്ടിയ വെള്ളാപ്പള്ളിയുടെ ഉദ്യേശ ശുദ്ധിയും ഈ തിരഞ്ഞെടുപ്പില്‍ ഇനി ചോദ്യം ചെയ്യപ്പെടും.

മകന്‍ തുഷാര്‍ മത്സരിച്ചാലും പ്രചരണത്തിനിറങ്ങില്ലന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എസ്.എന്‍.ഡി.പി യോഗത്തിന്റെ സംഘടനാ സംവിധാനം ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന കാര്യം ഉറപ്പാണ് .അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രിയമാണ് അപ്പനും മകനും കളിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് വിധി അതെന്തായാലും വിശകലനം ചെയ്യുമ്പോള്‍ വെള്ളാപ്പള്ളിയുടെ ഈ ശപഥവും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

Top