vellapally support note ban

ആലപ്പുഴ: സാമ്പത്തിക ഭീകരതയ്‌ക്കെതിരേ കേന്ദ്ര സര്‍ക്കാരിന്റെ ധീരമായ കാല്‍വയ്പ്പാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയാകെ ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അതീവ സൂക്ഷ്മവും ഏറെ ജാഗ്രതയും പരിപൂര്‍ണമായും രഹസ്യ സ്വഭാവത്തോടും കൂടിയ ഈ യുദ്ധം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കടന്നാക്രമിച്ചവര്‍ക്കെതിരെയുള്ള മിന്നലാക്രമണം ആയിരുന്നു.

അത് കൃത്യമായ ചുവടുവയ്‌പോടെ വ്യക്തമായ ലക്ഷ്യത്തോടെ നടപ്പിലാക്കിയപ്പോള്‍ ഭീകര പ്രവര്‍ത്തനം, കള്ളപ്പണം, കള്ളനോട്ട്, നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍, അഴിമതി എന്നിവയ്‌ക്കെതിരെയുള്ള ശക്തമായ പ്രഹരമായി തീര്‍ന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭീകരവാദത്തിനും അഴിമതിക്കും കള്ളപ്പണത്തിനും ഭൂമാഫിയയ്ക്കും എതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു.

ഇതാണ് സാധാരണ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ അവകാശം നല്‍കുന്നത്. ഇവിടെയാണ് കോടിക്കണക്കിന് വരുന്ന പട്ടിണി പാവങ്ങള്‍ക്ക്, ഭവന രഹിതര്‍ക്ക്, ഭൂരഹിതര്‍ക്ക്, തൊഴിലാളികള്‍ക്ക്, കൃഷിക്കാര്‍ക്ക് തുടങ്ങി ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Top