ഗോകുലം ഗോപാലന്‍ ശകുനിമാരെ മുന്നില്‍നിര്‍ത്തി കളിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ഗോകുലം ഗോപാലന്‍ ശകുനിമാരെ മുന്നില്‍നിര്‍ത്തി കളിക്കുന്നയാളാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഗോപാലനെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല. ഗോപാലന്‍ എവിടെ ഒട്ടിയാലും അവിടം പറിച്ചോണ്ട് പോകുന്നയാളാണ്. മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്റേതെന്നും എസ്എന്‍ഡിപി എന്നതിന്റെ പൂര്‍ണ്ണ രൂപം പോലും അക്ഷരം തെറ്റാതെ പറയാന്‍ ഗോകുലം ഗോപാലന് അറിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

വെള്ളാപ്പള്ളിക്കെതിരെയുള്ള തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലനാണെന്ന സുഭാഷ് വാസുവിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വെള്ളാപ്പള്ളി.

സുഭാഷ് വാസുവിന് മാത്രം അല്ല ആര്‍ക്ക് വേണേലും വരാം പോകാം, വാതില്‍ തുറന്നു ഇട്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു സകലതും ഏറ്റുപറഞ്ഞാണ് തിരിച്ച് വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലെത്തിയത്. മാവേലിക്കരയിലെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പാണ് സുഭാഷ് വാസു, വെള്ളാപ്പള്ളിയുമായി തെറ്റിപ്പിരിഞ്ഞത്.

എന്നാല്‍ ഗോകുലം ഗോപാലന്റെ തന്ത്രങ്ങളില്‍ അകപ്പെട്ടാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് ഇപ്പോള്‍ സുഭാഷ് വാസുവിന്റെ നിലപാട്.

 

Top