ഇതിനൊക്കെ അവര്‍ അനുഭവിക്കും, ബിജെപിക്കാര്‍ വേട്ടയാടുന്നുവെന്ന് വെളളാപ്പള്ളി

ആലപ്പുഴ : തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ബിജെപി ആക്രമണം നടക്കുകയാണെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് ഇത്തരം ആക്രമണം നേരിട്ടിട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്.എന്‍.ഡി.പിക്ക് സ്വന്തം നിലപാടുണ്ട്. അത്തരത്തില്‍ നിലപാടെടുക്കുന്ന തന്നെ വ്യക്തിഹത്യ നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനൊക്കെ ബി.ജെ.പി അനുഭവിക്കും. ഇങ്ങനെയാണെങ്കില്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ബി.ജെ.പി ഇവിടെ അധികാരത്തിലെത്തില്ല. പണപ്പിരുവും ഗ്രൂപ്പിസവുമാണ് ബി.ജെ.പിയില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

തന്റെ ഭാര്യയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍നിന്നു തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും വിട്ടുനിന്നതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. അയ്യപ്പജ്യോതിയെക്കുറിച്ച് വളരെ വൈകിയാണ് അറിഞ്ഞതെന്നും എന്‍ഡിഎയുടെ പരിപാടിയല്ലാതിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Top