അടൂർ പ്രകാശിന്റേത് മതേതരത്വത്തിന്റെ കപടമുഖമാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : അടൂര്‍ പ്രകാശ് എം.പിക്കെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അടൂര്‍ പ്രകാശിന്റേത് മതേതരത്വത്തിന്റെ കപടമുഖമാണ്. സ്വന്തം സമുദായത്തെ അടൂര്‍ പ്രകാശ് പുറകില്‍ നിന്ന് കുത്തിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക പരിഗണന വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വന്തം കാര്യം വരുമ്പോള്‍ അടൂര്‍പ്രകാശ് മതേതരത്വം പറയാറില്ല. മതേതരത്വം പറയുന്ന അടൂര്‍ പ്രകാശിനോട് കോണ്‍ഗ്രസിനകത്ത് ഒരൊറ്റ ഈഴവനുണ്ടോ എംഎല്‍എയായിട്ട് എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കപടമുഖമാണ് അഴിഞ്ഞു വീഴുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തില്‍ മതേതരത്വം പറയുന്ന രണ്ട് മുഖങ്ങളാണ് അദ്ദേഹത്തിനുള്ളത്.

ഇപ്പോ ഇവിടെ സമുദായിക സന്തുലനം നോക്കി വേണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടതെങ്കിലും അതു തുറന്നു പറയാനുള്ള മടി കാണിച്ച് വേറെയാരെയോ സുഖിപ്പിക്കാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കുന്നത് ആത്മഹത്യപരമാണ്. സമുദായത്തിലെ കുലംകുത്തിയായി അടൂര്‍പ്രകാശ് മാറിയെന്ന് ഞാന്‍ പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ സമുദായത്തിലുള്ളവര്‍ക്ക് പറ്റില്ലന്നും വെള്ളാപ്പള്ളി പറ‌ഞ്ഞു.

അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ഷാനിമോള്‍ ഉസ്മാന് വിജയസാധ്യതയില്ലെന്നും അരൂരില്‍ ഭൂരിപക്ഷസമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.

കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ഥി നിര്‍ബന്ധമില്ലെന്ന അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

Top