Vellapally Nadeshan College of Engineering-Youth Commission

ആലപ്പുഴ: പള്ളിക്കല്‍ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിക്കുന്ന ഇടിമുറി അടച്ചു പൂട്ടണമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവ്.

കോളേജിലെ എംടെക് വിദ്യാര്‍ത്ഥി സി സാഗര്‍, മാനേജര്‍, പ്രിന്‍സിപ്പല്‍, സുഭാഷ് വാസു എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

സുഭാഷ് വാസു വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നു, അസഭ്യം പറയുന്നു, സ്ത്രീ വിരുദ്ധഭാഷ ഉപയോഗിച്ചു എന്നീ പരാതികള്‍ നേരത്തേ പുറത്തു വന്നിരുന്നു. നിയമ വിരുദ്ധമായ പിഴകള്‍ ഈടാക്കുകയും, ഭീമമായ ബസ്ഫീസ് ഈടാക്കുകയും ചെയ്തുവെന്നും പഠന സമയം തോന്നിയത് പോലെ ക്രമീകരിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പീഡനം നടത്താന്‍ പാടില്ല, ഇടിമുറി അടച്ച് പൂട്ടണം, ഇത് തുറന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം, മാനേജര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുന്നുവെന്ന് ജില്ലാ മേധാവി ഉറപ്പ് വരുത്തണം തുടങ്ങി കാര്യങ്ങളാണ് ഉത്തരവില്‍ പറയുന്നത്.

കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ നേതൃത്വത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരത്തേ കോളേജ് സന്ദര്‍ശിച്ചിരുന്നു. പരാതിയില്‍ വസ്തുതയുണ്ട് എന്നാണ് പരിശോധനയില്‍ വ്യക്തമായത്. ശനിയാഴ്ച ചേര്‍ന്ന അദാലത്തിലാണ് കമ്മീഷന്‍ ഉത്തരവിട്ടത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.

Top