വെള്ളാപ്പള്ളിയും പി.കെ കൃഷ്ണദാസും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന്റെ പേരില്‍ വെള്ളാപ്പള്ളി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഈ വിഷയത്തില്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നുമായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

അതേസമയം, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമന വിഷയത്തില്‍ വെള്ളാപ്പള്ളി സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ മുസ്ലീം ലീഗ് ഇടതുപക്ഷത്തെ പിന്തുണച്ചത് ലീഗും ഇടത് പക്ഷവും തമ്മില്‍ മുഹബ്ബത്തിലായത് കൊണ്ടാണെന്ന് കൃഷ്ണ ദാസ് വിമര്‍ശിച്ചു.

Top